പദ്ധതി നിര്‍വഹണം 80.87 ശതമാനത്തില്‍
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയത് 80.87 ശതമാനം പദ്ധതികള്‍. ട്രഷറിയിലെ കെട്ടിക്കിടക്കുന്ന ബില്ലുകള്‍കൂടി പാസാകുന്നതോടെ പദ്ധതിനിര്‍വഹണം 87.86 ശതമാനത്തിലെത്തും. ഇതോടെ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ വര്‍ഷമെന്ന ഖ്യാതിയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നേടാനായി.
കഴിഞ്ഞ വര്‍ഷം 85.44 ശതമാനം പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. 2016-17 ല്‍ 67.08 ശതമാനവും 2015-16ല്‍ 73.61 ശതമാനവും 2014-15ല്‍ 68.12 ശതമാനവുമാണ് പൂര്‍ത്തിയാക്കിയിരുന്നത്. ഈ സാമ്പത്തിക വര്‍ഷം 6721.95 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാനുണ്ടായിരുന്നത്. ഇതില്‍ 5431.12 കോടിയുടെ പദ്ധതികള്‍ ഇതിനകം നടപ്പാക്കി. 762.05 കോടി രൂപയുടെ പദ്ധതികള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. പ്രളയം, വരള്‍ച്ച, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതാണ് അവസാന ദിനങ്ങളിലെത്തിയപ്പോള്‍ 80 ശതമാനം പദ്ധതികളും പൂര്‍ത്തിയാക്കാനായത്.
ഗ്രാമപഞ്ചായത്തുകള്‍ 85.95 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി മുന്നിലെത്തിയപ്പോള്‍ കോര്‍പറേഷനുകള്‍ 61.88 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 86.29, നഗരസഭകള്‍ 76.74, ജില്ലാപഞ്ചായത്തുകള്‍ 75.52 ശതമാനവും പൂര്‍ത്തിയാക്കി. ജില്ലകളില്‍ 86.69 ശതമാനം പൂര്‍ത്തിയാക്കിയ കണ്ണൂരാണ് ഒന്നാമത്. 76.44 ശതമാനവുമായി തിരുവനന്തപുരം ജില്ലയാണ് ഏറ്റവും പിന്നില്‍. 14 ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയുമാണ് നൂറ് ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."