ചൂട് കനക്കുന്നു; സഊദിയിൽ നട്ടുച്ചക്ക് ജോലി ചെയ്യുന്നതിന് വിലക്ക്
റിയാദ്: രാജ്യത്ത് ചൂട് കൂടുന്നതിന്റെ ഭാഗമായി സഊദി മാനവ വിഭവ ശേഷി സാമൂഹിക മന്ത്രാലയം മധ്യാഹ്‌ന വിശ്രമം നിർബന്ധമാക്കി. ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം സെപ്‌തംബർ 15 വരെ നീണ്ടു നിൽക്കും. ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെയുള്ള മൂന്ന് മണിക്കൂർ സമയങ്ങളിലാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെയും തൊഴിലുടമകൾക്കെതിരെയും മന്ത്രാലയം നിയമാനുസൃതമായ നിയമ നടപടികൾ കൈക്കൊള്ളും.
എന്നാൽ, രാജ്യത്തെ ചില മേഖലകളിൽ താപനില കുറയുന്നതിനാൽ അങ്ങനെയുള്ള മേഖലകളിലും തീരുമാനം ബാധകമാകില്ല. പുറം ജോലികൾ നടത്തിവരുന്ന മുഴുവൻ സ്ഥാപനങ്ങളും മന്ത്രാലയ തീരുമാനമനുസരിച്ച് തൊഴിൽ സമയം ചിട്ടപ്പെടുത്തണമെന്നും തൊഴിലിടങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഈ സമയത്ത് ജോലി ചെയ്യിക്കാൻ അനുമതിയുള്ള പെട്രോൾ പമ്പ്, ഗ്യാസ് സ്‌റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും അത്യാവശ്യ ജോലികളിൽ ഏർപ്പെടുത്തിരിക്കുന്ന മെയിന്റനൻസ് തൊഴിലാളികൾക്കും ആവശ്യമായ സുരക്ഷ മുൻകരുതലുകൾ തൊഴിലുടമകൾ ഒരുക്കണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."