കാസര്‍കോട്ട് മുന്നണികളുടെ 'മൂന്നാം കണ്ണ് ' മഞ്ചേശ്വരത്ത്
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുന്നണികളുടെ മൂന്നാം കണ്ണ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ തന്നെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് കേസ് നല്‍കിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മുസ്‌ലിംലീഗിലെ പി.ബി അബ്ദുറസാഖിനെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ അബ്ദുറസാഖ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായത്. കോടതി നടപടികള്‍ പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മൂന്നാം കണ്ണ് തുറന്നുവച്ചിരിക്കുകയാണ് മുന്നണികള്‍.
2016ല്‍ മഞ്ചേശ്വരത്തു കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അബ്ദുറസാഖ് മണ്ഡലം നിലനിര്‍ത്തി. ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് വന്നപ്പോള്‍ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷം നേടാനുള്ള തീവ്രശ്രമങ്ങളാണ് മുന്നണികള്‍ നടത്തുന്നത്. പരമാവധി വോട്ടുകള്‍ മൂന്ന് മുന്നണികളും ചേര്‍ത്തു കഴിഞ്ഞിട്ടുണ്ട്. അതിനിടെ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ബി.ജെ.പി വന്‍ തോതില്‍ വോട്ട് മഞ്ചേശ്വരം മണ്ഡലത്തില്‍ ചേര്‍ക്കുന്നതായി യു.ഡി.എഫ് ആരോപിച്ചു കഴിഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് കൂട്ടിച്ചേര്‍ക്കുന്ന വോട്ടുകളെക്കുറിച്ച് കൃത്യമായ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു.ഡി.എഫില്‍ മുസ്‌ലിംലീഗ് മഞ്ചേശ്വരത്ത് ഊര്‍ജിതമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മഞ്ചേശ്വരത്ത് ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിച്ച് മണ്ഡലം തങ്ങളുടെ കുത്തകയാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ലീഗ് പ്രവര്‍ത്തകര്‍ നടത്തുന്നത്. മഞ്ചേശ്വരം കൂടി മുന്നില്‍ കണ്ടാണ് പ്രാദേശികമായി നല്ല ബന്ധമുള്ള രവീശ തന്ത്രി കുണ്ടാറിനെ ബി.ജെ.പി ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചാല്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാര്‍ തന്നെ സ്ഥാനാര്‍ഥിയായി വരും.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ബൂത്ത്തലത്തില്‍ തന്നെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. ഒരു ജില്ലാ സെക്രട്ടേറിയറ്റംഗത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ നല്‍കിയാണ് മഞ്ചേശ്വരത്ത് സി.പി.എം കളം നിറയുന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഫലപ്രഖ്യാപനം വരുമ്പോള്‍ വിജയി ആരെന്നറിയുന്നതിന്റെ അതേ ആകാംക്ഷ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോട്ട് നില അറിയാനുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."