ശരത് പവാറിനെതിരേ ബി.ജെ.പി നേതാവ് പവാര്‍ മഹാരാഷ്ട്രയിലെ കൊറോണ വൈറസെന്ന് അധിക്ഷേപം
മുംബൈ: എന്‍.സി.പി നേതാവ് ശരത് പവാറിനെ മഹാരാഷ്ട്രയിലെ കൊറോണ വൈറസെന്ന് അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവും എം.എല്‍.സിയുമായ ഗോപീചന്ദ് പദല്‍ക്കറാണ് പവാറിനെതിരേ കടുത്ത അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
ധാങ്കര്‍ സമുദായ നേതാവായ ഗോപീചന്ദ് പദല്‍ക്കര്‍ കഴിഞ്ഞ ദിവസമാണ് പവാറിനെതിരേ രംഗത്തെത്തിയത്. തന്റെ സമുദായത്തിന് സംവരണം അനുവദിക്കാത്ത വിഷയത്തിലായിരുന്നു ഈ പ്രതികരണം. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ മഹാരാഷ്ട്രയിലെ കൊറോണ വൈറസാണെന്നു വ്യക്തമായി പറഞ്ഞ അദ്ദേഹം, വര്‍ഷങ്ങളായി സംസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം പിന്നാക്കക്കാര്‍ക്കായി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു. പിന്നാക്കക്കാരെ കൂടെനിര്‍ത്തി ഭിന്നതയുടെ രാഷ്ട്രീയം കളിച്ചാണ് പവാര്‍ എന്നും അധികാരം നിലനിര്‍ത്തിയതെന്നും സോലാപൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രസ്താവനയ്‌ക്കെതിരേ എന്‍.സി.പിയും ഭരണപക്ഷത്തെ മറ്റു പാര്‍ട്ടികളും രംഗത്തെത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലായി. ഒ.ബി.സി വിഭാഗത്തോട് ബി.ജെ.പി ചെയ്ത ദ്രോഹങ്ങള്‍ തുറന്നുകാട്ടിയും ചില നേതാക്കള്‍ രംഗത്തെത്തിയതോടെ, പദല്‍ക്കറിന്റെ പ്രസ്താവനയെ തള്ളി പാര്‍ട്ടി രംഗത്തെത്തിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യം തകര്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സമുദായങ്ങളെ വച്ചുള്ള ആരോപണങ്ങളെന്നും സംശയിക്കപ്പെടുന്നുണ്ട്. ബി.ജെ.പിക്കു പിന്തുണ നല്‍കാന്‍ നേരത്തെ ശരത് പവാര്‍ സന്നദ്ധനായിരുന്നെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഭരണപക്ഷത്തെ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.
കേസെടുത്തു
മുംബൈ: എന്‍.സി.പി നേതാവ് ശരത് പവാറിനെ മഹാരാഷ്ട്രയിലെ കൊറോണ വൈറസെന്ന് അധിക്ഷേപിച്ച വിഷയത്തില്‍ ബി.ജെ.പി നേതാവ് ഗോപീചന്ദ് പദല്‍ക്കറിനെതിരേ കേസെടുത്തു. എന്‍.സി.പി ബാരാമതി ഓഫിസ് സെക്രട്ടറി അമര്‍ ധുമലിന്റെ പരാതിയില്‍ ബാരാമതി പൊലിസാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വളര്‍ത്തുന്നത് അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."