ചീന വലവിരിക്കുമ്പോള്‍
ചൈനയുമായി നേരിട്ടൊരു യുദ്ധമുണ്ടാവുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. അങ്ങനെയൊരു യുദ്ധം ചൈനയ്‌ക്കോ ഇന്ത്യയ്‌ക്കോ ഇപ്പൊ താങ്ങാനാവില്ല. എന്നാല്‍ ശീതയുദ്ധം തുടങ്ങിക്കഴിഞ്ഞു. സോഫ്റ്റ്‌വെയറില്‍നിന്ന് ഹാര്‍ഡ്‌വെയറിലേയ്ക്ക് നിരോധനങ്ങള്‍ മാറുകയും ചെയ്യും. പരമ്പരാഗത യുദ്ധരീതികളല്ല ഇനി ലോക രാഷ്ട്രങ്ങളില്‍ സംഭവിക്കുക. എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം അത്ര എളുപ്പമായിരിക്കില്ല. ചൈന വിരിച്ച വലക്കണ്ണികള്‍ക്ക് അത്ര ഉറപ്പുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നന്നായി പിടിമുറുക്കിയിട്ടുണ്ട് ചൈന. ചൈന വിരിച്ച വലക്കണ്ണികള്‍ പൊട്ടിക്കാനുള്ള ആഗ്രഹമോ ഇച്ഛാശക്തിയോ ബി.ജെ.പി സര്‍ക്കാരിന് ഉണ്ടോ എന്നും നിശ്ചയമില്ല. ചൈനയ്ക്കുമേലുള്ള വിജയം സൈനിക ശക്തികൊണ്ട് മാത്രം സാധിക്കുന്ന ഒരു കാലമല്ല ഇത്. എവിടെ യുദ്ധമുണ്ടായാലും ഭരണകൂടങ്ങള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസരം കിട്ടും. ഭരണകൂടങ്ങള്‍ക്ക് അവരുടെ ആധിപത്യമുറപ്പിക്കാന്‍ ഒരു ശത്രുരാജ്യത്തെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ലോകം ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ട സാഹചര്യത്തില്‍ യുദ്ധമുണ്ടാവുമോ എന്നത് സാമാന്യ ബോധത്തില്‍നിന്ന് ഉരുത്തിരിയുന്ന ചോദ്യമാണ്. എന്നാല്‍ യുദ്ധങ്ങളുടെ ചരിത്രം വിലയിരുത്തുമ്പോള്‍ ഈ ചോദ്യം അപ്രസക്തമാണ്. ഇതുപോലെ ഒരു ജൂലൈ മാസത്തിലാണ് ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അത് 1914 മുതല്‍ 1918 വരെ നീണ്ടു. സ്പാനിഷ് ഫ്‌ളൂ എന്ന മഹാമാരി യൂറോപ്പിലും അമേരിക്കയിലും ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയത് 1917-18 കാലത്താണ്.
ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാവുന്നത് 1962ലാണ്. എന്നാല്‍ 1959 തൊട്ട് 62 വരെയുള്ള കാലയളവ് ചൈനയ്ക്ക് ഏറ്റവും കഷ്ടംപിടിച്ചതായിരുന്നു. കൊടുംവരള്‍ച്ചയും പട്ടിണിയും ഭക്ഷ്യക്ഷാമവും ചൈനയെ ഗ്രസിച്ച കാലമാണത്. 36 മില്യന്‍ ജനങ്ങളാണ് പട്ടിണികൊണ്ട് മരിച്ചത്. പക്ഷെ, ഇന്ത്യയുമായി യുദ്ധമുഖം തുറക്കുന്നതില്‍ അതൊന്നും പ്രശ്‌നമായില്ല. യുദ്ധത്തിന്റെ രീതിശാസ്ത്രം സാമാന്യയുക്തിക്ക് പിടികിട്ടുന്നതല്ല എന്നര്‍ഥം. കൊവിഡ് എന്ന മഹാമാരി രാജ്യാതിര്‍ത്തികളെ തന്നെ അപ്രസക്തമാക്കുന്നു. ഭരണകൂടങ്ങള്‍ അങ്ങനെ ചിന്തിക്കില്ല. വന്‍പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ ഭരണാധികാരികള്‍ മണ്ടന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. അണുനാശിനി കുടിച്ചാല്‍ വൈറസ് ചാവില്ലേ എന്ന് അമേരിക്കയില്‍ ട്രംപ് ചോദിച്ചു. അതുകേട്ട് കുറേയാളുകള്‍ ലൈസോളും ഡെറ്റോളും കുടിക്കുകയും ചെയ്തു. ചൈനയിലെ മഹാവരള്‍ച്ചയുടെ കാലത്ത് ചെയര്‍മാന്‍ മാവോയ്ക്കുമുണ്ടായിരുന്നു അങ്ങനെയൊരു വെളിപാട്. ധാന്യങ്ങള്‍ തിന്നുന്ന കുരുവികളെ കൊല്ലാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പറവകളേക്കാള്‍ തോക്കിനോടായിരുന്നു മാവോയ്ക്ക് പ്രിയം. പ്രകൃതിയേയും പ്രകൃതിയിലെ വൈരുധ്യാത്മകതയേയും കുറിച്ച് മാവോ എന്നല്ല ചെഗുവേരയും സ്റ്റാലിനും ഒന്നും അറിയാന്‍ ശ്രമിച്ചിട്ടുമുണ്ടാവില്ല. ആ നിലയ്ക്ക് നോക്കിയാല്‍ മാര്‍ക്‌സിസിനെയും ഏംഗല്‍സിനെയും അവര്‍ ശരിയാംവണ്ണം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. വിപ്ലവം നടന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നും പാരിസ്ഥിതിക ജാഗ്രത പുലര്‍ന്നതുമില്ല. അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമാണ് ചൈനയുടെ വികസന സങ്കല്‍പം. അതിന്റെ ഫലം ആ രാജ്യം അനുഭവിക്കുകയും ചെയ്യുന്നു.
ചൈനക്കാരുടെ ഭക്ഷണക്രമത്തെ മാറ്റിമറിച്ചത് വരള്‍ച്ചയും ഭക്ഷ്യക്ഷാമവുമാണ്. പാമ്പും എലിയും പൂച്ചയും വവ്വാലുമൊക്കെ അവരുടെ ഭക്ഷണമായി. വരള്‍ച്ച മാറി സമൃദ്ധിയിലെത്തിയപ്പോഴും ഭക്ഷണരീതി മാറ്റാന്‍ ജനത തയാറായില്ല. വൈറസ് രോഗങ്ങള്‍ ഉടലെടുക്കാന്‍ കാരണമതാണ്. ഇപ്പോള്‍ ബയന്നൂര്‍ എന്ന നഗരത്തില്‍ ബ്യൂര്‍ബോണിക് പ്ലേഗും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 'ആരോഗിമാര്‍മൊത്ത്' എന്ന കാട്ടെലിയെ തിന്നതാണ് രോഗത്തിന് കാരണം. 1855 ല്‍ യൂനാന്‍ പ്രവിശ്യയില്‍ പ്ലേഗ് പടര്‍ന്നതും ഇതേ ഭക്ഷണരീതികള്‍കൊണ്ടായിരുന്നു.
താവോയിസം, കണ്‍ഫ്യൂഷനിസം, ബുദ്ധിസം പോലുള്ള മഹത്തായ ദര്‍ശനങ്ങള്‍ നിറഞ്ഞ ഭൂപ്രദേശമായിരുന്നു ചൈന. എന്നാല്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിനുശേഷം അതെല്ലാം മായ്ക്കപ്പെട്ടു. സുസ്ഥിര വികസനത്തെ നിഷേധിച്ചുകൊണ്ട് അത്യന്തം പരിസ്ഥിതി വിരുദ്ധമായ വ്യവസായ നാഗരികത വളര്‍ന്നു. കൂട്ടത്തില്‍ കമ്യൂണിസ്റ്റ് ഏകാധിപത്യവും ടെക്‌നോക്രസിയും ജനാധിപത്യ ധ്വംസനങ്ങളും ചൈനയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സാംസ്‌കാരികമായി ചൈനയുമായി ഒരുതരത്തിലും ഒത്തുപോകാത്ത ടിബറ്റ് ചൈന പിടിച്ചടക്കി. ടിബറ്റുകാരുടെ ആത്മീയ നേതാവും ഭരണാധിപനുമായ ദലൈലാമ ഇന്ത്യയില്‍ അഭയംതേടി. സ്വതന്ത്ര ടിബറ്റിനുവേണ്ടിയുള്ള പ്രക്ഷോഭം ഇപ്പോഴും നടക്കുന്നു. അധിനിവേശവും വെട്ടിപ്പിടുത്തവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ടിബറ്റിലെ ഖനീജ വിഭവങ്ങള്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വ്യവസായ നാഗരികതയുടെ ഭാഗമായി കുന്നുകൂടിയ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമായി ടിബറ്റിനെ കാണുകയായിരുന്നു ചൈന.
ഹോങ്കോങ്ങിലെ സ്വാതന്ത്ര്യ പ്രക്ഷോഭവും ചൈനയുടെ തലവേദനയാണ്. ചൈനയില്‍ രൂപപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ വേണ്ടിയായിരുന്നു 1989 ലെ ടിയാന്‍മെന്‍ കൂട്ടക്കൊല നടന്നത്. ഉരുക്കുമറയുണ്ടായിരുന്നതുകൊണ്ട് എത്രപേര്‍ മരിച്ചുവെന്ന് ഇന്നും നമുക്കറിയില്ല. ഉപദേശീയതകള്‍ നിരന്തരമായി തലപൊക്കുന്നു. ഉയിഗൂര്‍ മുസ്‌ലിംകള്‍ വംശഹത്യയ്ക്ക് സമാനമായ വേട്ടയാടല്‍ നേരിടുന്നു. മനുഷ്യാവകാശം എന്ന വാക്കുതന്നെ ചൈനയ്ക്ക് സ്വീകാര്യമല്ല. മുസല്‍മാന്മാരെയും ടിബറ്റന്‍ ബുദ്ധമത വിശ്വാസികളെയും വേട്ടയാടുന്നതിന്റെ മറ്റൊരു കാരണം കമ്യൂണിസത്തില്‍ അന്തര്‍ലീനമായ മതവിരോധമാണ്. കമ്യൂണിസത്തിന്റെ നന്മകള്‍ കാലംകൊണ്ട് മാഞ്ഞുപോയി. ബാക്കിയായത് പാര്‍ട്ടി ഏകാധിപത്യവും ടെക്‌നോക്രസിയും ജനാധിപത്യ സംവിധാനങ്ങളോടുള്ള വിദ്വേഷവും അഴിമതിയുമാണ്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ രോഷംകൊണ്ടവരോട് തിരിച്ചൊരു കാര്യം ചോദിക്കട്ടെ- ഫേസ്ബുക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ചൈന അംഗീകരിച്ചിട്ടുണ്ടോ? ട്രംപിനെതിരേ സംസാരിക്കാനും, പ്രക്ഷോഭം നയിക്കാനും അമേരിക്കന്‍ ജനതയ്ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ചൈനീസ് ഭരണകൂടത്തിനെതിരേ സംസാരിക്കാന്‍ ചൈനക്കാര്‍ക്ക് സ്വാതന്ത്ര്യമില്ല.
യാതൊരു തൊഴില്‍നിയമവും ചൈനക്ക് ബാധകമല്ല. തൊഴിലാളികളെ റോബോട്ടുകളെപ്പോലെ പണിയെടുപ്പിച്ചാണ് വിലകുറഞ്ഞ ഉല്‍പന്നങ്ങളുണ്ടാക്കി ചൈന ലോകവിപണി കീഴടക്കിയത്. ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ലോകമെമ്പാടുമുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. പല ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈന പുതിയ കോളണികള്‍ സൃഷ്ടിക്കുന്നു. സാങ്കേതിക വിദ്യയും വായ്പയും ഉപയോഗിച്ച് പാവപ്പെട്ട രാജ്യങ്ങളെ കടക്കെണിയില്‍പ്പെടുത്തുന്നു. മണ്ണും വിഭവങ്ങളും കൈക്കലാക്കുന്നു. നിശബ്ദമായ അധിനിവേശം ലോകത്തിന് വെല്ലുവിളിയാണ്. ഒരു ജനാധിപത്യ രാജ്യമായി മാറാത്തിടത്തോളം ചൈന ഒരു വെല്ലുവിളിതന്നെയാണ് ലോകത്തിന്. നമ്മുടെ രാജ്യത്തു നടന്ന ടെലികോം വിപ്ലവം ചൈനയിലെ മൊബൈല്‍ കമ്പനികള്‍ക്കാണ് ഗുണകരമായത്. വിലകുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ നമ്മുടെ രാജ്യത്ത് സാങ്കേതിക വിദ്യയുടെ ആലസ്യത്തിന് കാരണമായി.
ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് ചൈന പ്രതികരിച്ചത്. ചൈനയുടെ അങ്ങാടിയായി നാം ഇനി മാറിക്കൂട. സാങ്കേതിക രംഗത്തെ ഇന്ത്യന്‍ ബുദ്ധിവൈഭവം കുറച്ചുകാണേണ്ടതില്ല. ഇന്ത്യ ബുദ്ധികൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഉല്‍പന്നങ്ങളിലൂടെയാണ് ഇനി നമ്മള്‍ തൊഴിലില്ലായ്മ പരിഹരിക്കേണ്ടത്. നിരോധിക്കപ്പെട്ട ആപ്പുകള്‍ക്ക് പകരം നമ്മുടേത് വരട്ടെ. അതിന് ചിലപ്പോള്‍ സമയമെടുത്തേയ്ക്കും. നാം കുറച്ചൊക്കെ സഹിച്ചേ മതിയാവൂ. സാങ്കേതിക രംഗത്ത് നിലവിലുള്ള ആലസ്യത്തില്‍നിന്ന് നാം ഉണരണം. കൊവിഡ് വ്യാപനത്തോടെ ഉണ്ടായ ലോകക്രമത്തിലെ മാറ്റങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താനാവണം. ചൈനയുടെ വളര്‍ച്ചക്കായി നാമവരുടെ ചന്തയായി മാറേണ്ടതില്ല. സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും ഒരുപോലെ നമ്മുടെ മണ്ണില്‍നിന്നു പിറക്കണം. അതിനുള്ള ബുദ്ധികേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അതുപയോഗിക്കാനുള്ള ആത്മാര്‍ഥതയാണ് വേണ്ടത്. മോദി സര്‍ക്കാര്‍ അത് വ്യക്തമാക്കേണ്ടതുണ്ട്. കൈയടികിട്ടാനുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് കാര്യമില്ല. പ്രയോഗങ്ങള്‍ വേണം. കൊറോണ എന്ന മഹാമാരി ലോകത്തിന്റെ സാമ്പത്തിക ഘടന താറുമാറാക്കി. കൊറോണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമം എല്ലാ രാജ്യങ്ങളും നടത്തും. തനത് വ്യവസായങ്ങളിലേക്കും തനത് ഉല്‍പന്നങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്ക് അതില്‍ പ്രധാനമാണ്.
ചൈന അവരുടെ രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറികടക്കാനാണ് യുദ്ധഭീതിയിലൂടെ ദേശീയത ഉണര്‍ത്തി ജനതയുടെ മനോഭാവങ്ങള്‍ വഴിതിരിച്ച് വിടുന്നത്. ഇതൊരു തന്ത്രമാണ്. മോദി സര്‍ക്കാരിനും ഈ സാഹചര്യം ഗുണകരമാവും. തീവ്ര ദേശീയത തന്നെയാണ് മോദിയുടെയും ആയുധം. യുദ്ധസാഹചര്യം ഉണ്ടായാല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാം. സൈന്യത്തെ തീര്‍ച്ചയായും നമ്മള്‍ ആദരിക്കുന്നുണ്ട്. നമ്മുടെ കാവലാളാണവര്‍. എന്നാല്‍ ഭരണകൂടങ്ങളുടെ സൈന്യപ്രകീര്‍ത്തനങ്ങള്‍ അധികാരം നിലനിര്‍ത്താനും വീണ്ടും അധികാരത്തിലെത്താനുമുള്ള കുറുക്കുവഴി മാത്രമാണ്. ഇത് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."