ജിദ്ദയില്‍ നിന്നുള്ള വിമാന സമയങ്ങളില്‍ മാറ്റം; ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു
റിയാദ്: വന്ദേഭാരത് മിഷന് പദ്ധതിയുടെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ മാറ്റം വരുത്തി. ജിദ്ദയില്‍ നിന്നുള്ള ഏതാനും സര്‍വിസുകളിലാണ് സമയ ക്രമീകരണം. ഇതുപ്രകാരം ഇന്നു പോകേണ്ടിയിരുന്ന ജിദ്ദ-കണ്ണൂര്‍ വിമാനം 20 ലേക്ക് മാറ്റിയിട്ടുണ്ട്. പുലര്‍ച്ച നാലിനായിരിക്കും ജിദ്ദയില്‍ നിന്നു വിമാനം പുറപ്പെടുക. 17ന് നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം 21 രാത്രി 8.30ന് ജിദ്ദയില്‍ നിന്നു പുറപ്പെടും. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ജിദ്ദ-ഡല്‍ഹി-ലഖ്നോ വിമാന സര്‍വിസും 21ലേക്ക് മാറ്റിയതായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ജിദ്ദയില്‍ നിന്നുള്ള 18,19 തിയതികളിലെ കോഴിക്കോട്, കൊച്ചി സര്‍വിസുകളുടെയും 20 ലെ കണ്ണൂര്‍, 21ലെ തിരുവനന്തപുരം സര്‍വിസുകളുടെയും സമയത്തില്‍ മാറ്റമൊന്നുമില്ല. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 20ന് ജിദ്ദയില്‍നിന്നു കണ്ണൂരിലേക്കും 21ന് തിരുവനന്തപുരത്തേക്കും രണ്ടു വീതം സര്‍വിസുകള്‍ ഉണ്ടാവും.
ഈ വിമാനങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് എടുത്തവര്‍ എയര്‍ ഇന്ത്യ ഓഫിസിലെത്തി പുതിയ ഷെഡ്യൂള്‍ അനുസരിച്ചുള്ള ടിക്കറ്റുകള്‍ മാറ്റിയെടുക്കണം. ടിക്കറ്റ് നിരക്കുകളും കോണ്‍സുലേറ്റ് പുറത്തു വിട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സഊദിയിലെ ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഇക്കോണമി ക്ലാസില്‍ ആയിരം റിയാലും ബിസിനസ് ക്ലാസില്‍ 1,950 റിയാലുമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, 19 നുള്ള ജിദ്ദ-കൊച്ചി, 23 നുള്ള ജിദ്ദ-കൊച്ചി, 29 നുള്ള ജിദ്ദ-കൊച്ചി എന്നീ സര്‍വിസുകളില്‍ ബിസിനസ് ക്ലാസില്‍ 2,420 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."