മില്ലുകള്‍ക്ക് സംഭരണശേഷിയില്ല; കൊയ്തെടുത്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നു
അന്തിക്കാട്: കൊയ്ത്ത് മന്ദഗതിയിലായ അന്തിക്കാട് കോള്‍ പടവില്‍ നെല്ലെടുപ്പ് ഇഴയുന്നത് കര്‍ഷകരെ കൂടുതല്‍ ആശങ്കയിലാക്കുന്നു. മില്ലുടമകളുടെ അനാസ്ഥ മൂലം കൊയ്തെടുത്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. നെല്ല് ഒരാഴ്ചയായി പാടത്ത് കൂട്ടിയിട്ട നിലയിലാണ്. ഇതുമൂലം നെല്ലിന് കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. സപ്ലൈകോയ്ക്ക് വേണ്ടി കര്‍ഷകരില്‍ നിന്നു നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകള്‍ക്ക് സംഭരണ ശേഷിയില്ലാത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. കൊയ്തെടുത്ത നെല്ല് മില്ലുടമകള്‍ കൊണ്ടു പോകാത്തതിനെ തുടര്‍ന്ന് പാടത്ത് കെട്ടി കിടക്കുന്ന നെല്ല് മഴ പെയ്താല്‍ നശിക്കുമെന്ന ഭീതിയും കര്‍ഷകര്‍ക്കുണ്ട്.
കൂടുതല്‍ നെല്ല് കൊണ്ടു പോയാല്‍ ഇവ സംഭരിക്കാന്‍ സ്ഥലമില്ലാത്തതാണ് മെല്ലെപ്പോക്കിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ കൊണ്ടു പോകുന്നതുവരെ നെല്ലിന്റെ സംരക്ഷണ ചുമതല കര്‍ഷകരുടെ തലയിലായിരിക്കുകയാണ്. അതേ സമയം തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പുറമെ നിന്നും വരുന്ന വലിയ ലോറികള്‍ അധികൃതര്‍ തടയുന്നതിനാല്‍ വാഹനങ്ങള്‍ എത്താന്‍ വൈകുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണ് മില്ലുടമകള്‍ പറയുന്നത്.
പാടത്ത് കെട്ടിക്കിടക്കുന്ന നെല്ല് ഉടന്‍ കൊണ്ടു പോകുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."