ADVERTISEMENT
HOME
DETAILS

പാകിസ്താനെപ്പോലെയാകരുത് ജനാധിപത്യ ഇന്ത്യ

ADVERTISEMENT
  
backup
July 13 2018 | 19:07 PM

pakjanathipathyam

 

രാഷ്ട്രീയത്തിലും മാധ്യമരംഗത്തും മറ്റു മേഖലകളിലുമൊക്കെ ആലങ്കാരികപ്രയോഗങ്ങളും വ്യംഗ്യാര്‍ഥപ്രയോഗങ്ങളും സാധാരണമാണ്. പറയുന്ന വിഷയങ്ങളെയും അതു പറയാനിടയായ സന്ദര്‍ഭങ്ങളെയുമൊക്കെ അടിസ്ഥാനമാക്കിയാണ് അവ വായിച്ചെടുക്കേണ്ടത്. 'ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ ഇല്ലം കണ്ടു മരിക്കില്ല' എന്നതും 'ഒന്നിനു പത്തായ് തിരിച്ചടിക്കും' എന്നതുമൊക്കെ ഒരുപാടു കാലമായി കേട്ടു പരിചയിച്ച രാഷ്ട്രീയമുദ്രാവാക്യങ്ങളാണ്.
ഈ മുദ്രാവാക്യങ്ങളെ കൊലപാതകത്തിനോ അക്രമത്തിനോ ഉള്ള ആഹ്വാനമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. രാഷ്ട്രീയസാക്ഷരതയുള്ള കേരളം അങ്ങനെ വ്യാഖ്യാനിക്കാറില്ല. അക്ഷരാര്‍ഥത്തില്‍ എടുക്കേണ്ടതല്ല അത്തരം മുദ്രാവാക്യങ്ങളെന്ന് കേരളീയര്‍ക്ക് അറിയാം.അതതു രാഷ്ട്രീയ സന്ദര്‍ഭങ്ങളിലെ രാഷ്ട്രീയാര്‍ഥത്തില്‍ വിലയിരുത്തുന്നതാണു ഭംഗിയും ശരിയും.
ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദുപാകിസ്താനായി മാറുമെന്ന കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പ്രസ്താവനയെയും അങ്ങനെയാണു വിലയിരുത്തേണ്ടത്. അതിലെ 'പാകിസ്താന്‍' പ്രയോഗം അടര്‍ത്തിയെടുത്തു ബി.ജെ.പി വാളോങ്ങുന്നതു രാജ്യസ്‌നേഹം കൊണ്ടോ ദേശീയവികാരം കൊണ്ടോ അല്ല. കൃത്യമായ രാഷ്ട്രീയ അജന്‍ഡ അതിലുണ്ട്.
ഹിന്ദുപാകിസ്താന്‍ പ്രയോഗത്തിന്റെ പകര്‍പ്പവകാശം തരൂരിനല്ല. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഇതേ പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ആ പ്രയോഗത്തിന്റെ പേരില്‍ തരൂരിനെ ക്രൂശിക്കാന്‍ സംഘ്പരിവാര്‍ കാണിക്കുന്ന വ്യഗ്രതയുടെ ലക്ഷ്യം വ്യക്തം. അത്തരമൊരു ശ്രമത്തെ പ്രതിരോധിക്കുന്നതിനു പകരം ഞഞ്ഞാമിഞ്ഞ ന്യായം പറഞ്ഞ് അദ്ദേഹത്തിന്റെ പാര്‍ട്ടി കൈകഴുകാന്‍ ശ്രമിച്ചതു നാണക്കേടാണ്.
തരൂര്‍ എന്താണുദ്ദേശിച്ചതെന്നു മനസിലാക്കാന്‍ പാകിസ്താന്‍ രാഷ്ടീയമെന്താണെന്നും ഇന്ത്യയില്‍ മോദി സര്‍ക്കാരും സംഘ്പരിവാറും ചെയ്തുകൊണ്ടിരിക്കുന്നതെന്താണെന്നും മാത്രം പരിശോധിച്ചാല്‍ മതി. ഇന്ത്യയോടൊപ്പം രൂപംകൊണ്ട പാകിസ്താനില്‍ നിലനില്‍ക്കുന്ന ജനാധിപത്യം സാങ്കേതികം മാത്രമാണ്. ഇടയ്‌ക്കൊക്കെ തെരഞ്ഞെടുപ്പു നടക്കാറുണ്ടെങ്കിലും ദീര്‍ഘകാലം പട്ടാളമേധാവികളുടെ സ്വേച്ഛാധിപത്യത്തില്‍ പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടു കഴിയാന്‍ വിധിക്കപ്പെട്ട രാജ്യമാണത്. അവിടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുള്ളപ്പോള്‍ പോലും ശരിയായ ജനാധിപത്യമുണ്ടാകാറില്ല.
പട്ടാളം ഭരിച്ചാലും തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിച്ചാലും തീവ്രവാദശക്തികള്‍ക്കു ഭരണകൂടത്തിലും നിയമപാലനത്തിലും നീതിന്യായസംവിധാനത്തിലും ഗണ്യമായ സ്വാധീനമുണ്ടായിരിക്കും. അവയുടെ സ്വാധീനംമൂലം ഭരണം ജനാധിപത്യവിരുദ്ധമാവും. അതിന്റ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് അവിടത്തെ ഹിന്ദുക്കളടക്കമുള്ള മതന്യൂനപക്ഷങ്ങളാണ്. മതവിദ്വേഷത്തിന്റെ പേരില്‍ കള്ളക്കേസുകളില്‍ കുടുക്കിപ്പോലും ക്രൂരമായി ദ്രോഹിക്കുന്നത് അവിടെ പതിവാണ്. ഇതിനു പൊടിപ്പും തൊങ്ങലും വച്ചു പ്രചാരണം നല്‍കിപ്പോരുന്നത് ഇന്ത്യയിലെ ഹിന്ദുത്വതീവ്രവാദ ശക്തികളുമാണ്.
നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ഇന്ത്യയില്‍ സംഘ്പരിവാര്‍ ചെയ്യുന്നതും പാകിസ്താനിലെ തീവ്രവാദികളുടെ അതേ കാര്യങ്ങളാണ്. ഏറെക്കുറെ പാകിസ്താനിലേതിനു സമാനമായ അതിക്രമങ്ങള്‍ ഇവിടെയും നടക്കുന്നുണ്ടെന്നു വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബീഫിന്റെയും മറ്റും പേരില്‍ മതന്യൂനപക്ഷം കൊല്ലപ്പെടുന്ന സംഭവങ്ങളും ജാതിവിദ്വേഷത്തിന്റെ പേരില്‍ ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയിട്ടുണ്ട്.
ഇത്രയൊക്കെ ക്രൂരതകള്‍ നടന്നിട്ടും തങ്ങള്‍ക്കു ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ അതേ നടപടികള്‍ കൂടുതല്‍ വേഗത്തോടെ തുടരാനുള്ള ജനസമ്മതിയാണെന്നു ഹിന്ദുത്വ തീവ്രവാദികള്‍ വിചാരിക്കും. ഭാവിയില്‍ അതിരൂക്ഷമായ അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കു പ്രചോദനമാകും. അതോടെ പാകിസ്താനു സമാനമായ വര്‍ഗീയ, ജനാധിപത്യവിരുദ്ധാന്തരീക്ഷം ഇവിടെയുണ്ടാകും. ഈ യാഥാര്‍ഥ്യമാണു തരൂര്‍ പറഞ്ഞത്.
ഇതു ഹിന്ദുവിരുദ്ധമാണെന്ന പ്രചാരണമഴിച്ചുവിടുന്നതു രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ഹൈന്ദവ ധര്‍മങ്ങളില്‍ നിന്ന് ഒരുപാട് അകന്നുപോയ സംഘ്പരിവാറിനെതിരേ ഉയരുന്ന എതിര്‍പ്പുകളെ ഹൈന്ദവതയെ കവചമാക്കി പ്രതിരോധിക്കാനുള്ള കുടിലതന്ത്രമാണ്. അതിനെ ഫലപ്രദമായി നേരിടാനുള്ള ധൈര്യം കോണ്‍ഗ്രസ് ആര്‍ജിച്ചിട്ടില്ലെന്നു തരൂരിനെ തള്ളിപ്പറഞ്ഞതിലൂടെ വ്യക്തമായി.
ബി.ജെ.പിയുടെ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയ അജന്‍ഡയെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം മൃദുഹിന്ദുത്വ നിലപാടുകളിലൂടെ വോട്ട് ബാങ്കുകള്‍ നിലനിര്‍ത്താനുള്ള പാഴ്ശ്രമമാണു കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നതെന്ന സംശയം പൊതുസമൂഹത്തില്‍ വ്യാപിപ്പിക്കുകയാണു പാര്‍ട്ടി നേതൃത്വം. ജനാധിപത്യ, മതേതര വിശ്വാസികളുടെ മനോവികാരമാണു തരൂര്‍ പ്രകടിപ്പിച്ചതെന്നു തിരിച്ചറിയാനുള്ള മനസുപോലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുണ്ടായില്ല.
ഇന്ത്യ പാകിസ്താനെപ്പോലെ ഒരു മതത്തിനു രാഷ്ട്രീയാധിപത്യമുള്ള രാജ്യമായി മാറരുതെന്നാണു ബഹുഭൂരിപക്ഷം വരുന്ന മതേതരവാദികളുടെയും ആഗ്രഹം. ശശി തരൂരിനെപ്പോലുള്ള നേതാക്കള്‍ വ്യക്തമായി മനസിലാക്കുന്ന ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കോണ്‍ഗ്രസിനായില്ലെങ്കില്‍ അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കോണ്‍ഗ്രസ് മാത്രമായിരിക്കില്ല. ഇന്ത്യന്‍ സമൂഹം മൊത്തമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  24 days ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  24 days ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  24 days ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  24 days ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  24 days ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  24 days ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  24 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  24 days ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  24 days ago