അലങ്കാരമത്സ്യ കൃഷിയില്‍ നിന്നും ഗപ്പിയുടെ ഇ-മാര്‍ക്കറ്ററായി അനീസ് ഇയ്യാട്
എകരൂല്‍: അലങ്കാര മത്സ്യകൃഷിയില്‍ നിന്നും ഹൈബ്രീഡ് ഗപ്പിയുടെ ഇ-മാര്‍ക്കറ്ററായി മാറുകയാണ് ബാലുശ്ശേരി ഇയ്യാട് സ്വദേശി അനീസ് അത്തിക്കോട്. പ്രവാസ ജീവിതത്തിനിടയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമം ജീവിതം നയിക്കുന്നതിനിടയില്‍ തുടങ്ങിയതായിരുന്നു ഗപ്പി വളര്‍ത്തല്‍.
അന്ന് കളിയാക്കിയ ആളുകള്‍ ഇപ്പോള്‍ അനീസില്‍ നിന്നും അലങ്കാരമത്സ്യം വളര്‍ത്തലിന്റെ വലിയ പാഠം പഠിക്കുകയാണ് ഇയ്യാട് ആനിസ് ഗപ്പി ഫാമിലൂടെ. വീടും പരിസരവുമാണ് അനീസ് അലങ്കാര മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വീടിനടുത്തുള്ള ഷെഡ്ഡിലെ നിരവധി അക്വോറിയങ്ങളിലായി 150 മുതല്‍ 10000 രൂപ വരെ വിലയുള്ള അലങ്കാര മത്സ്യങ്ങളുണ്ട്. അല്‍ബിനോ ഫുള്‍ റെഡ്, മെറ്റല്‍ റെഡ് ലെയ്സ് തുടങ്ങി തായ്ലാന്റ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതും ഹൈബ്രീഡ് ചെയ്തതുമായ ഗപ്പികളാണ് ഇവിടെയുള്ളത്. ചുരുങ്ങിയനാള്‍ കൊണ്ട് അലങ്കാര മത്സ്യകൃഷി വെറും അലങ്കാരത്തിനല്ലെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട് അനീസ്.
ജനങ്ങളെ തന്റെ മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ആധുനിക കച്ചവട രീതിയാണ് അനീസ് സ്വീകരിക്കുന്നത്. ഇതിനായി ആനീസ് ഗപ്പി ഡോട്ട് കോം എന്ന വെബ്സൈറ്റും ഫേസ് ബുക്ക് പേജുമടക്കം ഇ-മാര്‍ക്കറ്റിന്റെ എല്ലാ വശവും അനീസ് പരീക്ഷിച്ച് വിജയിപ്പിക്കുന്നുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് ഇന്ത്യയില്‍ എല്ലായിടത്തും ഡെലിവറി സൗകര്യവും അനീസ് ഉറപ്പ് നല്കുന്നു. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം അക്വേറിയം നിര്‍മിച്ചു നല്കുന്നതോടൊപ്പൊം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യതീറ്റയുടെ വിതരണവുമുണ്ട്. അലങ്കാര മത്സ്യങ്ങളുടെ പരിപാലനം നല്ലതുപോലെ ക്ഷമയോടെയും ശ്രദ്ധിച്ചും നടത്തേണ്ട കാര്യമാണ്. അനീസിന്റെ മത്സ്യകൃഷിക്ക് സര്‍വ പിന്തുണയുമായി ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും ദൂരെ സ്ഥലങ്ങളിലെ വിതരണത്തിന് സഹായത്തിനായി കൂട്ടുകാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."