തൊടുപുഴയില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്ന് ദിവസം; ജനം നെട്ടോട്ടത്തില്‍
തൊടുപുഴ: നഗരത്തിന്റെ വിവിധ മേഖലകളില്‍ വാട്ടര്‍ അതോററ്റിയുടെ മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം. മൂപ്പില്‍ക്കടവ് പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിലെ 240 ബി.എച്ച്.പിയുടെ മോട്ടോര്‍ തകരാറിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
നഗരത്തിലെ ഉയര്‍ന്ന മേഖലകളിലൊരിടത്തും ഈ ദിവസങ്ങളില്‍ വെള്ളം എത്തിയിട്ടില്ല. ശക്തി കുറഞ്ഞ പമ്പ് 125 ബി.എച്ച്.പി ഉപയോഗിച്ചാണ് നിലവില്‍ വെള്ളം വിതരണം ചെയ്യുന്നത്. ഇതുമൂലം നിരപ്പിലിരിക്കുന്ന സ്ഥാപനങ്ങളിലും വീടുകളിലും മാത്രമാണ് വെള്ളമെത്തുക. ഉയര്‍ന്ന മേഖലയിലേക്ക് വെള്ളം എത്താതെ വന്നതോടെ ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം നല്‍കി വെള്ളം വാങ്ങിക്കേണ്ട ഗതികേടിലാണ്. എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് ജലവിതരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ ജലവിതരണം മുടങ്ങുമെന്ന അറിയിപ്പ് അതോററ്റി നല്‍കിയിരുന്നെങ്കിലും കൃത്യമായി ഇത് ജനങ്ങളിലേക്ക് എത്തിക്കാനുമായില്ല, ഇതും പ്രതിസന്ധി കൂട്ടി.
ഇന്നലെ രാവിലെ 9.30യോടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി പമ്പിങ് ആരംഭിച്ചതായും ഈ സമയം മോട്ടോറിന്റെ മുകളിലെ ബയറിങ് തകരാറിലായതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷണ്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കുന്ന വിവരം. കത്തിപ്പോയ മോട്ടോറിന്റെ പാര്‍ട്ട് മുബൈയില്‍ എത്തിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. ബയറിങ്ങിന് തകരാര്‍ വന്നതോടെ ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്നെത്തിച്ചു. ഇന്ന് രാവിലെ തന്നെ പമ്പിങ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ആരംഭിക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി പുതിയ പമ്പ് എത്തിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."