ജയില്‍ മോചിതരുടെ വീടുകളില്‍ സന്ദര്‍ശനത്തിരക്ക്
ഈരാറ്റുപേട്ട: ഹൈക്കോടതി പാനായിക്കുളം കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ച നടക്കല്‍ പാറയില്‍ റാസിഖിന്റേയും കടുവാമുഴി അമ്പഴത്തിനാല്‍ ഷമ്മാസിന്റേയും ഭവനങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ ജനത്തിരക്കാണ്. ഇവരുടെ മോചനത്തിനു വേണ്ടിയുള്ള പ്രര്‍ത്ഥനയിലായിരുന്നു ഒരു നാടുമുഴുവന്‍ .രാത്രി 8.30നാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ഇവര്‍ മോചിതരായത്. ബന്ധുക്കളോടൊപ്പം രാത്രി 12.30ന് നാട്ടിലെത്തിയ ഇവരെ കാത്തുനിന്നിരുന്ന ബന്ധുക്കളും ചെറുപ്പക്കാരും വിതുമ്പലോടെയാണ് ഈരാറ്റുപേട്ടയില്‍ വരവേറ്റത്. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇവര്‍ക്ക് അഞ്ചു തവണയാണ് പരോള്‍ ലഭിച്ചത്. അതും എസ്‌കോര്‍ട്ട് പരോളിലൂടെ ഒരു മണിക്കൂര്‍ സമയം മാത്രം അനുവദിക്കും. മാതാപിതാക്കളെയും ഭാര്യ മക്കളെയും ഒരു നോക്കു കാണാം പിന്നെ തിരിച്ച് ജയിലിലേക്ക്. ഇതിലും വലിയ കുറ്റങ്ങള്‍ ഉള്ള കേസില്‍ ശിക്ഷിക്കപ്പെട്ടവരോടു പോലും ഇത്തരത്തില്‍ പരോളില്‍ പക്ഷാഭേദം കാണിച്ചിട്ടില്ലെന്ന് റാസിഖും ഷമ്മാസും പറയുന്നു.
ജയിലില്‍ ഇവര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചിരുന്നു. റാസിഖ് ലൈബ്രേറിയനും ഷമ്മാസ് ഇഗ്‌നോയുടെ കോ ഓര്‍ഡിനേറ്ററുനായി പ്രവര്‍ത്തിച്ചു. ജയിലില്‍ തടവുകാരുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉള്ളചുമതലയായിരുന്നു ഷമ്മാസിന്. ഷമ്മാസ് എം.എ. സോഷ്യോളജി, ഹിസ്റ്ററി എന്നിവയില്‍ ജയിലില്‍ വച്ചു തന്നെ ബിരുദം നേടി. റാസിഖ് വിവിധ ഡോക്യുമെന്ററികള്‍, പുനര്‍ജനി എന്ന പ്രസിദ്ധീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
പരേതനായ അബ്ദുല്‍ റഹീമിന്റെ പുത്രനാണ് റാസിഖ്. റഹീം ഈരാറ്റുപേട്ട പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമായിരുന്നു. റാസിഖിന്റെ ഭാര്യാ പിതാവ് അബ്ദുല്‍കരീം റിട്ടയര്‍ഡ് അധ്യാപകനാണ്.
ഷമ്മാസ് കടുവാമുഴി അമ്പഴത്തിനാല്‍ ജമാലിന്റെ നാലു മക്കളില്‍ രണ്ടാമനാണ്. കോഴിക്കോട് ഒരു പാരലല്‍ കോളജില്‍ അധ്യാപകനായിരുന്നു. ഇതിനിടെയാണ് പാനായിക്കുളം കേസില്‍ പ്രതിയാകുന്നത്. ഭാര്യ റസിയ സ്‌കൂള്‍ ടീച്ചറാണ്. പിതാവ് ജമാല്‍ മലഞ്ചരക്ക് വ്യാപാരിയാണ്. 2015 നവംബര്‍ 25 നാണ് ഇവരെ എന്‍.ഐ.എ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചത്. അന്നുമുതല്‍ മൂന്നര വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിനിടെ മനുഷ്യാവകാശ സംഘടനകളും പൊതു ജനങ്ങളും നിരവധി യോഗങ്ങളും നിവേദനങ്ങളും സമര്‍പ്പിച്ചു. നിലവില്‍ രണ്ട് യുവാക്കള്‍ ജന്‍മ നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് പ്രദേശത്തുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."