ശബരിമലയിലെ വിജിലന്‍സ് അന്വേഷണം; ഫയലുകള്‍ കാണാനില്ല
പത്തനംതിട്ട: ശബരിമലയില്‍ പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇത് സംബന്ധിച്ച ഫയലുകള്‍ മുക്കി. ഇനി ഫയലുകള്‍ കാണാതായ സംഭവത്തേക്കുറിച്ചും അന്വേഷണം നടത്തും.
ദേവസ്വം ആസ്ഥാനത്ത് നിന്നുമാണ് ഫയലുകള്‍ കാണാതായത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ദേവസ്വം വിജിലന്‍സ് എസ്.പിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍ദേശം നല്കി. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഫയലുകളാണ് കാണാതായിരിക്കുന്നത്. ഇക്കാലത്തെ വാങ്ങലുകള്‍ സംബന്ധിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചതും.
2013-14 കാലത്ത് 1.87 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിയതു സംബന്ധിച്ചാണ് പുതിയ അന്വേഷണം. അന്നത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് അഴിമതി പരാമര്‍ശിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നടപടി ഒന്നും അന്ന് ഉണ്ടായില്ല. അന്നത്തെ എക്സിക്ക്യുട്ടീവ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും തുക തിരിച്ചുപിടിക്കുന്നതിനും നിര്‍ദേശം ഉണ്ടായിരുന്നു.
മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന് വി.എസ്. ജയകുമാര്‍ ശബരിമല എക്സിക്ക്യുട്ടിവ് ഓഫീസര്‍ ആയിരിക്കെയാണ് പാത്രം വാങ്ങിയത്. ഇതിലെ ക്രമക്കേട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ. രാഘവന് കത്തു നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് വഴിതെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."