അഞ്ചുമാസമായി വേതനമില്ല യൂത്ത് കോഡിനേറ്റര്‍മാര്‍ക്ക് പട്ടിണിയുടെ ഓണം
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെ വേതനം മുടങ്ങിയിട്ട് അഞ്ച് മാസം. ഫെബ്രുവരിയിലാണ് അവസാനം ഓണറേറിയം ലഭിച്ചത്. ഈ ഓണക്കാലത്തെങ്കിലും വേതനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
മൂവായിരം രൂപയാണ് പ്രതിമാസ ഓണറേറിയം. മാര്‍ച്ച് മുതല്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊവിഡ് കെയര്‍ സെന്ററുകളിലും കമ്യൂണിറ്റി കിച്ചണിലും വാര്‍ഡ് ആര്‍.ആര്‍.ടികളിലും എഫ്.എല്‍.ടി.സികളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇവരുടെ സേവനം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സര്‍ക്കാരിന്റെ ഉത്സവ ബത്തയും മറ്റ് ആനുകൂല്യങ്ങളും ബോര്‍ഡിലെ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കാറുണ്ടെങ്കിലും കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഇതൊന്നുമില്ല.
ക്ഷേമനിധികളില്‍ അംഗങ്ങളായവര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണത്തിന് ആയിരം രൂപ സര്‍ക്കാര്‍ അലവന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരെ ഇതിലും അവഗണിക്കുകയാണ്. മാര്‍ച്ച് മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. മറ്റ് വരുമാന മാര്‍ഗമില്ലാത്തതിനാല്‍ തുക പിടിക്കരുതെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവികൊണ്ടില്ല. പണം നല്‍കാന്‍ തയാറല്ലെന്ന് രേഖാമൂലം അറിയിച്ചവരുടെയും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരിക്കുകയാണ്.
1500 രൂപയായിരുന്നു നേരത്തെ യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെ വേതനം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2500 രൂപയായും ഈ സര്‍ക്കാര്‍ 3000 രൂപയായും വര്‍ധിപ്പിക്കുകയായിരുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് 15,000 രൂപയാണ് പ്രതിമാസ ഓണറേറിയം. പ്രവര്‍ത്തന കേന്ദ്രം തദ്ദേശ സ്ഥാപനങ്ങളാണെങ്കിലും യുവജനക്ഷേമ ബോര്‍ഡ് മുഖേന സംസ്ഥാന സര്‍ക്കാരാണ് ഇവരുടെ ഓണറേറിയം നല്‍കുന്നത്.
കോര്‍പററേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 1200 കോര്‍ഡിനേറ്റര്‍മാര്‍ വേണ്ടിടത്ത് അറുന്നൂറോളം പേരാണ് നിലവിലുള്ളത്. മുഴുവന്‍ സമയ ജോലിയായിട്ടും തുച്ഛമായ ഓണറേറിയം മാത്രം ലഭിക്കുന്നതിനാല്‍ പലരും ഒഴിഞ്ഞുപോകുന്നതിനിടെയാണ് ഇപ്പോള്‍ വേതനമുടക്കവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."