സൂര്യയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു; ഇനി താമസം പുതിയ വീട്ടില്‍
മണ്ണഞ്ചേരി: അന്തിയുറങ്ങാന്‍ ഒരു കൊച്ചുവീടെന്ന സൂര്യയുടെ സ്വപ്നം പൂവണിഞ്ഞു. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നിര്‍മിച്ചു നല്‍കിയ സ്വപ്നഭവനത്തിന്റെ താക്കോല്‍ ധനമന്ത്രി ഡോ.തോമസ് ഐസക് സൂര്യയ്ക്ക് കൈമാറും. രണ്ട് മുറി, ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവ ചേര്‍ന്നതാണ് വീട്.
സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത മണ്ണഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡില്‍ തോണ്ടവേലി പുഷ്പയുടെ മകളായ സൂര്യയെ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് പഠന പിന്തുണാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദത്തെടുക്കുകയായിരുന്നു.
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചതും ഏത് കാറ്റിലും ആടിയുലയുന്നതുമായ കുടിലിലായിരുന്നു സൂര്യയും അമ്മയും താമസിച്ചിരുന്നത്. സ്വന്തം പേരില്‍ വസ്തുവില്ലാത്തതിനാല്‍ ഭവന പദ്ധതികളില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഇക്കാര്യം ട്രസ്റ്റ് തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നീട് തോമസ് ഐസക്കിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആസ്‌ട്രേലിയയിലെ ബെര്‍വിക് അയല്‍ക്കൂട്ടം ധനസഹായവുംായി എത്തുകയായിരുന്നു.
ചിത്രകലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൂര്യയ്ക്ക് താത്പര്യം. തുടര്‍പഠനത്തിന് എല്ലാവിധ സഹായവും പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ 8.30 ന് നടക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, കെ.ഡി. മഹീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ്, ജനപ്രതിനിധികളായ പി.എ ജുമൈലത്ത്, മഞ്ജു രതികുമാര്‍, മായാ സാജന്‍, കെ. സുഭഗന്‍, അജിതന്‍, മിനി പ്രദീപ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."