ജില്ലയില്‍ 254 ഡെങ്കിപ്പനി ബാധിതര്‍
ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യ വകുപ്പ് ആശങ്കയില്‍.
254 പേര്‍ക്കാണ് ഈ വര്‍ഷം ജില്ലയില്‍ ഇതുവരെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 20 ാം തിയതി വരെ ജില്ലയില്‍ ഈ വര്‍ഷം രണ്ട് പേര് എലിപ്പനി ബാധിച്ചും ഒരാള്‍ പനി ബാധിച്ചും മരിച്ചു.
2015 ല്‍ 157 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഈ വര്‍ഷം ഏഴ് മാസത്തിനുള്ളില്‍ 243 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെ ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം ഒരാള്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം പകരുന്നതാണ്. തെക്കന്‍ ജില്ലകളിലെ സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജില്ലയില്‍ ഈ വര്‍ഷം സാംക്രമിക രോഗങ്ങള്‍ വളരെ കുറവാണ്. ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ട ജില്ലയില്‍ ഇന്ന് പേരിന് പോലും ഈ രോഗത്തിന് ചികിത്സ തേടിയവരില്ല. തലസ്ഥാന ജില്ലയില്‍ 625 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ കൊല്ലത്ത് 595 പേര്‍ക്ക് ഈ രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പത്തനംതിട്ടയില്‍ 484 പേര്‍ക്കും കോട്ടയത്ത് 477 പേര്‍ക്കും ഈ വര്‍ഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ സാംക്രമിക രോഗങ്ങളുടെ വ്യാപനത്തില്‍ മുന്നിലുള്ള ജില്ലയില്‍ ഇതേവരെ 243 പേര്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ എന്നത് ജില്ലയിലെ ആരോഗ്യമേഖലക്ക് ആശ്വാസം പകരുന്നതാണ്. എറണാകുളം ജില്ലയില്‍ പോലും 306 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിലും ആലപ്പുഴ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിലാണ്. തലസ്ഥാന ജില്ലയില്‍ ഈ മാസം 20 വരെയുള്ള കണക്ക് പ്രകാരം 1,67,545 പേര്‍ക്കും കൊല്ലം ജില്ലയില്‍ 1,10,198 പേര്‍ക്കും പകര്‍ച്ചപ്പനി ബാധിച്ചപ്പോള്‍ ആലപ്പുഴയില്‍ 69891 പേര്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ പകര്‍ച്ചപ്പനി ബാധിച്ചത്.
എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ പ്രകാരം പനി മരണങ്ങള് കൂടുതല്‍ ഉണ്ടായിട്ടുള്ളതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ജില്ലയില്‍ 97 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 16 പേര്‍ക്ക് മലേറിയയും ഒരാള്‍ക്ക് ജപ്പാന്‍ജ്വരവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 13 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ, നാല് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും നാല് പേര്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. 69891 പേര് പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ 14247 പേര് വയറിളക്കത്തിന് ചികിത്സ തേടി. പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."