തുമ്പോളിയില്‍ മൂന്ന് വീടുകളില്‍ മോഷണം; 18 പവനും 17000 രൂപയും കവര്‍ന്നു
ആലപ്പുഴ: തുമ്പോളി തീര്‍ഥശേരി ജങ്ഷനുസമീപം വന്‍ കവര്‍ച്ച. തുമ്പോളി തീര്‍ഥശേരി ജങ്ഷന് സമീപം ആര്യാട് ഗ്രാമപഞ്ചായത്ത് കൈമാപറമ്പില്‍ സുനില്‍കുമാര്‍, കണ്ടത്തില്‍ പുരുഷന്‍, കുറ്റിപ്പുറത്തു മുരുകേശന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നു കരുതുന്നു. സുനില്‍കുമാറിന്റെ വീട്ടില്‍നിന്നും 18 പവനോളം സ്വര്‍ണം, 17,000 രൂപ എന്നിവയാണ് മോഷണം പോയത്. രാത്രി 12നും പുലര്‍ച്ചെ മൂന്നിനുമിടയ്ക്കാണ് മോഷണം നടന്നതെന്നു കരുതുന്നു. മൂന്ന് മുറികളിലായി വച്ചിരുന്ന സ്വര്‍ണവും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പട്ടിക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.
പുലര്‍ച്ചെ മൂന്നോടെ സുനില്‍കുമാറിന്റെ അമ്മ ഉണര്‍ന്നപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതു കണ്ടാണ് മോഷണം നടന്നതായി അറിയുന്നത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഇവരുടെ വീടിനു സമീപമുള്ള കണ്ടത്തില്‍ പുരുഷന്റെ വീട്ടിലെ അടുക്കളവാതില്‍ തുറന്നു അകത്തുപ്രവേശിച്ച മോഷ്ടാവ് അവിടെനിന്നും ഒരു വെട്ടുകത്തി എടുത്തു.
തുടര്‍ന്നു വീട്ടുകാര്‍ ഉണര്‍ന്നതായി സംശയം തോന്നിയപ്പോള്‍ വെട്ടുകത്തിയുമായി രക്ഷപെടുകയായിരുന്നെന്നു കരുതുന്നു. ഈ വെട്ടുകത്തി കുറ്റിക്കാട്ടില്‍ മുരുകേശന്റെ വീട്ടില്‍ നിന്നും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്നും ആറായിരം രൂപയും ഒരുപവന്റെ വളയും മോഷ്ടിച്ചു. അലമാര കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാരന്‍ ഉണര്‍ന്നതിനെ തുടര്‍ന്നു മോഷ്ടാവ് രക്ഷപെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്നു നോര്‍ത്ത് പോലീസും ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും തെളിവെടുപ്പു് നടത്തി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തുമ്പോളി, പൂങ്കാവ് പ്രദേശങ്ങളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."