എന്‍.ഡി.എ 177 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ
ന്യൂഡല്‍ഹി: നിശ്ചിത സമയത്തിനു മുന്‍പേ പുറത്തുവിട്ട ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ്‌പോള്‍ ശരിയാണെങ്കില്‍ ഇനി വരാന്‍ പോവുന്നത് മൂന്നാം യു.പി.എ സര്‍ക്കാരാവും. എന്‍.ഡി.എ 177 സീറ്റിലൊതുങ്ങുമെന്നാണ് ബുധനാഴ്ച രാത്രിയോടെ പുറത്തുവിട്ട സര്‍വേയില്‍ പറയുന്നത്.
അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചാനലിന്റെ എക്‌സിറ്റ് പോള്‍ ഇന്ത്യാ ടുഡേ ന്യൂസ് ഡയരക്ടര്‍ രാഹുല്‍ കന്‍വാല്‍ ട്വിറ്റര്‍ മുഖേന പുറത്തു വിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം തനിച്ച് ഭൂരിപക്ഷം ലഭിച്ചെങ്കില്‍ ഇത്തവണ എന്‍.ഡി.എക്ക് മൊത്തത്തില്‍ 177 സീറ്റുകളേ കിട്ടൂവെന്ന് എക്‌സിറ്റ് ഫലം പ്രവചിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എക്ക് 141 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഇരുമുന്നണിയിലും പെടാത്ത കക്ഷികള്‍ക്ക് 224 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
274 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് 336 സീറ്റും ബി.ജെ.പിക്കു തനിച്ച് 282 സീറ്റുമാണ് കിട്ടിയത്. യു.പി.എക്ക് 59 ഉം കോണ്‍ഗ്രസിന് തനിച്ച് 44 സീറ്റും ലഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമപ്രകാരം അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമെ എക്‌സിറ്റ് ഫലം പുറത്തുവിടാന്‍ പറ്റൂ. ഇതുപ്രകാരം അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ചയേ ഫലം പുറത്തുവിടാനാവൂ.
അതിനു മുന്‍പ് തന്നെ ഇന്ത്യാ ടുഡേയുടെ റിപോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ എല്ലാവിധത്തിലുള്ള എക്‌സിറ്റ് ഫലങ്ങളും സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കംചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ എക്‌സിറ്റ് ഫലം സംബന്ധിച്ച പരിപാടിയുടെ പരസ്യത്തിന്റെ ഭാഗമായാണ് ഫലം ഭാഗികമായി ചാനല്‍ പുറത്തുവിട്ടതെന്നാണ് സൂചന.
ട്വീറ്റിനൊപ്പം മുന്‍കാലങ്ങളില്‍ തങ്ങള്‍ പുറത്തുവിട്ട എക്‌സിറ്റ് ഫലങ്ങള്‍ 95 ശതമാനവും ശരിയായിരുന്നുവെന്നും ഇന്ത്യാ ടുഡേ അവകാശപ്പെട്ടു. 2017ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പ്രവചിച്ചു, അത് സത്യമായി. ഗോവയിലും മേഘാലയയിലും തൂക്കുസഭ പ്രവചിച്ചപ്പോള്‍ അതും ശരിയായെന്നും രാഹുല്‍ കന്‍വാള്‍ പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തിന്റെ പൂര്‍ണരൂപം 19ന് വൈകീട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്ന് ചാനല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."