HOME
DETAILS

ട്രംപിന്റെ സഊദി സന്ദര്‍ശനം പുതിയ സമവാക്യത്തിന്റെ തുടക്കമോ

  
backup
May 10 2017 | 00:05 AM

trump-visit-new-face-of-relations

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയിലും അതിനു മുന്‍പും ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിം ലോകത്തിന് ഏറെ ആശങ്കയുളവാക്കുന്ന നിലപാടിലായിരുന്നു. ഭരണം കൈയിലെത്തിയപ്പോള്‍ തീവ്രവാദബന്ധമാരോപിച്ച് ചില മുസ്‌ലിംരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അമേരിക്കയിലേയ്ക്കു പ്രവേശനം നിഷേധിച്ച് മുസ്‌ലിംവിരുദ്ധത തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നു വിളംബരം ചെയ്തു.
മുസ്‌ലിംവിരുദ്ധവികാരം പാശ്ചാത്യലോകത്തു ശക്തമാക്കി നിര്‍ത്തുന്നതില്‍ ട്രംപിന്റെ നിലപാടുകള്‍ വളക്കൂറായി. എന്നാല്‍, നിരീക്ഷകരുടെയും വിശകലനക്കാരുടെയും ചിന്തകള്‍ അസ്ഥാനത്താക്കുകയാണു ട്രംപിന്റെ പുതിയ നീക്കങ്ങളും നിലപാടുകളും.
ബരാക് ഒബാമയുടെ ഭരണകാലത്ത് സെപ്റ്റംബര്‍ ആക്രമണവുമായി ബന്ധപ്പെട്ട ജസ്റ്റ നിയമത്തിലൂടെ സഊദിയുമായുള്ള ബന്ധത്തിനു കോട്ടം സംഭവിച്ചിരുന്നു. ട്രംപ് ഭരണകൂടം ഇതു കൂടുതല്‍ വഷളാക്കുമെന്ന ധാരണയായിരുന്നു എല്ലാവരിലും ഉണ്ടായിരുന്നത്. ട്രംപിന്റെ ഇസ്‌ലാമിക വിരുദ്ധനിലപാടുകള്‍ അതിനു തെളിവായി ഉയര്‍ത്തിക്കാട്ടപ്പെട്ടു.
എന്നാല്‍, പ്രസിഡന്റായി ചുമതലയേറ്റയുടന്‍ ട്രംപ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ഫോണില്‍ വിളിച്ച് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ആദ്യമായൊരു വിദേശരാജ്യപ്രതിനിധിക്കു കൂടിക്കാഴ്ച അനുവദിച്ചത് സഊദി ഉപകിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാന്‍ രാജകുമാരനായിരുന്നു. സഊദിയും അമേരിക്കയും തമ്മിലുള്ള ഇടര്‍ച്ച നയതന്ത്രബന്ധത്തിലൂടെ കരുത്താര്‍ജ്ജിക്കുമെന്ന പ്രത്യാശയാണ് ഇതു നല്‍കിയത്.
സഊദി ഡെപ്യൂട്ടി കിരീടാവകാശിക്കൊപ്പമുള്ള ചര്‍ച്ചക്കിടെ ഡൊണാള്‍ഡ് ട്രംപ് പ്രോട്ടോകോള്‍ ലംഘിച്ചു. ഫാമിലി ഹാളില്‍ ഉച്ചവിരുന്നോടുകൂടിയ ചര്‍ച്ചയ്ക്കാണു ഡെപ്യൂട്ടി കിരീടാവകാശിയെ ക്ഷണിച്ചത്. സഊദി അറേബ്യയുമായുള്ള ചങ്ങാത്തത്തിന് അമേരിക്ക എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നു ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഇതിനുപിറകെയാണ് തന്റെ വിദേശരാജ്യസന്ദര്‍ശനങ്ങളുടെ തുടക്കം സഊദിയില്‍നിന്നായിരിക്കുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്.
ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍പോകുന്ന ഈ പ്രഖ്യാപനം ട്രംപ് തന്നെയാണു റോസ് ഗാര്‍ഡനില്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്. ചരിത്രസന്ദര്‍ശനം എന്നു പറഞ്ഞു തുടങ്ങുന്ന പ്രഖ്യാപനത്തില്‍ രണ്ടു മുസ്‌ലിം പുണ്യഗേഹങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് സഊദിയെന്നും ട്രംപ് എടുത്തു പറഞ്ഞു. തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിനു മുസ്‌ലിംസഖ്യകക്ഷികളുമായി സഹകരണത്തിന്റെയും പിന്തുണയുടെയും പുതിയ അധ്യായം ആരംഭിക്കലാകും തന്റെ സഊദി സന്ദര്‍ശനമെന്നും ട്രംപ് വിശദീകരിച്ചു.
മുസ്‌ലിം യുവാക്കള്‍ക്ക് അവരുടെ നാടുകളില്‍ നീതിപൂര്‍വകവും പ്രതീക്ഷാനിര്‍ഭരവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള സന്ദര്‍ഭം സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപന വീഡിയോ ഇപ്പോള്‍ അറബ് മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.
ഒന്നരമാസംമുന്‍പ് ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിച്ചു ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയുടെ വിജയമാണ് ട്രംപിന്റെ ആദ്യ വിദേശസന്ദര്‍ശനത്തിനു സഊദി തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഡെപ്യൂട്ടി കിരീടാവകാശി നടത്തിയ ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ എട്ടുവര്‍ഷം നീണ്ടുനിന്ന വിള്ളലുകള്‍ പൂര്‍ണമായും പരിഹരിക്കുന്നതിനു സാധിച്ചുവെന്നും അറബ്‌മേഖലയിലെ രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.
അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ആദ്യസന്ദര്‍ശനത്തിന് ഒരു അറബ് രാജ്യത്തെയോ മുസ്‌ലിംരാജ്യത്തെയോ തെരഞ്ഞെടുക്കുന്നത്. ബരാക് ഒബാമയുടെ കാലത്തുണ്ടായ ഉഭയകക്ഷിബന്ധത്തിലെ വിള്ളലുകള്‍ അഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനും അമേരിക്കന്‍ ഭരണാധികാരിയില്‍ സ്വാധീനം ചെലുത്തുന്നതിനും സഊദി ഡെപ്യൂട്ടി കിരീടാവകാശിക്കു സാധിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയശേഷം സഊദി അറേബ്യയോടും ഇസ്‌ലാമിനോടുമുള്ള നിരവധി പഴയ നിലപാടുകളില്‍ ട്രംപ് മാറ്റം വരുത്തിയതായി നിരീക്ഷകര്‍ പറയുന്നു.
ട്രംപിന്റെ സഊദി സന്ദര്‍ശനം എല്ലാ അര്‍ഥത്തിലും ചരിത്രപ്രധാനമാകുമെന്നുതന്നെയാണു സഊദി ഭരണകൂടവും അറബ് ലോകവും കരുതുന്നത്. ഗള്‍ഫ് മേഖലയിലും ലോകത്തും സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിനാണു സഊദി അറേബ്യ ശ്രമിക്കുന്നത്. ഇതിനുള്ള അംഗീകാരമായാണു ട്രംപിന്റെ സന്ദര്‍ശനത്തെ വിലയിരുത്തേണ്ടത്.
അറബ്, ഇസ്‌ലാമിക് ലോകത്ത് അമേരിക്കയുടെ ഒന്നാമത്തെ പങ്കാളിയാണു സഊദി അറേബ്യ. സന്ദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുക ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്കു മൂലകാരണമായി അറബ് ലോകവും അമേരിക്കയും കാണുന്ന ഇറാന്റെ നടപടികളായിരിക്കും. സിറിയയിലും സഊദിയുടെ അതിര്‍ത്തിരാജ്യമായ യമനിലും ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. യമനില്‍ ഇറാന്റെ കടന്നുകയറ്റത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കാന്‍ സഊദി നിര്‍ബന്ധിതമായി.
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും യമനിലെ ആഭ്യന്തരയുദ്ധം എവിടെയുമെത്താതെ അനിശ്ചിതാവസ്ഥയിലാണ്. ഇവിടെ പ്രശ്‌നക്കാരായ വിമതവിഭാഗത്തിന് ഇത്രയും കാലം ശക്തമായ തിരിച്ചടി നല്‍കി പിടിച്ചു നില്‍ക്കാനുള്ള ഊര്‍ജജം നല്‍കുന്നത് ഇറാനാണെന്ന സത്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അതിന് അടിവരയിടുന്ന പല തെളിവുകളും സഊദിയുടെ പക്കലുണ്ടായിട്ടും ഈ മേഖലയുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നതിനാലാണു പരസ്യമായ ഏറ്റുമുട്ടലിലേയ്ക്കു സഊദി മുതിരാത്തത്.
മേഖലാരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ നടത്തുന്ന നിഷേധാത്മക ഇടപെടലുകള്‍ ചെറുക്കുന്നതിനു സഊദി മുന്‍നിരയിലാണ്. പശ്ചിമേഷ്യയിലെ തീവ്രവാദരാജ്യംതന്നെയാണ് ഇറാനെന്നു സഊദി പല തവണ വ്യക്തമാക്കിയതാണ്. എന്നിട്ടും ഇറാന്റെ അതിര്‍ത്തിക്കുള്ളിലേയ്ക്കു കടന്നുകയറാന്‍ തയാറായില്ല. സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കാതിരിക്കണമെന്ന നിലപാടുമൂലമാണിത്. അതേസമയം, ഇറാന്റെ വഴിവിട്ട നീക്കങ്ങള്‍ തടയണമെന്ന നിശ്ചയദാര്‍ഢ്യം സഊദിക്കുണ്ട്. ഏതൊക്കെ മാര്‍ഗമുപയോഗിച്ച് ഇറാനെ തളയ്ക്കാമെന്നു ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
മധ്യപൗരസ്ത്യ മേഖലയിലെ സൈനികശക്തിയായ സഊദി അറേബ്യക്കു ഗൈഡഡ് മിസൈലുകള്‍ വില്‍ക്കുന്നതിനു യു.എസ് കോണ്‍ഗ്രസിന്റെ അനുമതി നേടിയെടുക്കാനുള്ള ആസൂത്രണത്തിലാണ് അമേരിക്കന്‍ ഭരണകൂടം. ഭീകര, തീവ്രവാദവിരുദ്ധ പോരാട്ടമേഖലയിലും ഐ.എസിനെയും അല്‍ഖാഇദയെയും ഉന്മൂലനംചെയ്യുന്നതിലും അമേരിക്കയുടെ പ്രഥമപങ്കാളിയാണ് സഊദി. ഭീകര വിരുദ്ധ പോരാട്ടം, ഇറാന്റെ പ്രതിലോമപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ഇരുരാജ്യങ്ങളും നേരത്തേയെടുത്ത നിലപാടുകള്‍ ശക്തിപ്പെടുത്താന്‍ ട്രംപിന്റെ സന്ദര്‍ശനം സഹായകമാകും.
ഇറാനും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡും മധ്യപൗരസ്ത്യ മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കു ക്ഷതമേല്‍പിക്കുന്നതിനു ശ്രമിക്കുകയാണെന്നും ഭീകരസംഘടനകള്‍ക്കു പിന്തുണ നല്‍കുകയാണെന്നും മേഖലാരാജ്യങ്ങളില്‍ ഇടപെടുകയാണെന്നും അമേരിക്ക പലതവണ വെളിപ്പെടുത്തിയതാണ്. ഒബാമ ഭരണത്തിന്‍കീഴില്‍ ഇറാനുമായി കൂടുതല്‍ അടുക്കാന്‍ നടത്തിയ നീക്കത്തില്‍നിന്നു പിന്‍വാങ്ങി സഊദി അടക്കമുള്ള ഗള്‍ഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുകയെന്ന സൂചന നല്‍കുന്നതാണു ട്രംപിന്റെ പുതിയ നിലപാട്.
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശപര്യടനം സഊദി അറേബ്യയില്‍ നിന്നാക്കാനുള്ള ട്രംപിന്റെ തീരുമാനം അറബ്, ഇസ്‌ലാമിക് ലോകത്ത് സഊദി അറേബ്യയെ കേന്ദ്രസ്ഥാനത്തു കൊണ്ടുവരും. നിരവധി പ്രശ്‌നങ്ങളില്‍ അമേരിക്കക്കും സഊദി അറേബ്യക്കും സമാന കാഴ്ചപ്പാടുകളാണുള്ളത്. അമേരിക്കയുടെ ഏറ്റവും ശക്തമായ സാമ്പത്തികപങ്കാളിയാണ് സഊദി അറേബ്യ. ഏകദേശം മുക്കാല്‍ വര്‍ഷത്തെ ദൃഢമായ നയതന്ത്രബന്ധം തുടരുന്ന അമേരിക്കയിലെ വിവിധസാമ്പത്തിക മേഖലകളിലായി മില്യണ്‍ കണക്കിനു ഡോളറിന്റെ നിക്ഷേപം സഊദിക്കുണ്ട്. യു.എസ് ട്രഷറി മന്ത്രാലയത്തിന്റെ ബോണ്ടുകളില്‍ മാത്രം സഊദി അറേബ്യ ഇതുവരെ നടത്തിയ നിക്ഷേപം 116 മില്യണ്‍ (11680 കോടി ഡോളര്‍) ഡോളറാണ്. വ്യവസായിയായ ഡൊണാള്‍ഡ് ട്രംപ് കച്ചവടക്കണ്ണോടെയാണു സഊദിയെ കാണുന്നതെന്നു പറയുന്നവര്‍ വിരളമല്ല.
ഏതായാലും, ട്രംപുമായി ചരിത്ര ദൗത്യം നിര്‍വഹിച്ച ഉപകിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുപ്പതുകാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇപ്പോള്‍ സഊദി യുവാക്കളുടെ ഹരം. സഊദിയിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഇവിടെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും ഇതര ഗള്‍ഫ് അറബ് രാഷ്ട്രങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ സഊദി സമര്‍പ്പിച്ച ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാര ഫോര്‍മുലയും വീണ്ടും ട്രംപിന് മുന്നില്‍ അനാവരണം ചെയ്യും.
ഈ സന്ദര്‍ശനത്തിനുശേഷം ട്രംപ് ഇസ്രാഈലും വത്തിക്കാനും സന്ദര്‍ശിക്കുന്നുണ്ട്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് , ഇസ്രായില്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു എന്നിവരുമായി സമാധാന ഫോര്‍മുലക്കായി ചര്‍ച്ച നടത്തും. വത്തിക്കാനില്‍ വച്ച് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. അടുത്തദിവസം ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലും തുടര്‍ന്ന് ഇറ്റലിയിലെ സിസിലിയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലും അദ്ദേഹം സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ

uae
  •  19 days ago
No Image

കെ-സ്മാർട്ട് സോഫ്റ്റ്‍വയർ പരിഷ്‌കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ

Kerala
  •  19 days ago
No Image

ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല

Kerala
  •  19 days ago
No Image

'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്‌സാദിയുടെ ഖബറടക്കം വൈകിയേക്കും

uae
  •  19 days ago
No Image

കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി

Kerala
  •  19 days ago
No Image

സംഭല്‍ ഷാഹി മസ്ജിദിനെ 'തര്‍ക്ക മന്ദിര'മാക്കി അലഹബാദ് ഹൈക്കോടതി; നീക്കം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം

National
  •  19 days ago
No Image

രോഗികൾക്കും ഡോക്ടർമാർക്കും ഇരട്ടി ദുരിതം;  സർക്കാർ ആശുപത്രികളിൽ 500 ഡോക്ടർമാരുടെ കുറവ്

Kerala
  •  19 days ago
No Image

സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദ​ഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ

International
  •  19 days ago
No Image

2024 ൽ 230 കോടി ദിർഹം വരുമാനവുമായി 'സാലിക്'; രേഖപ്പെടുത്തിയത് 8.7 ശതമാനത്തിന്റെ വളർച്ച

uae
  •  19 days ago
No Image

ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം

uae
  •  19 days ago