വ്യക്തിവൈരാഗ്യം പരാതിയാക്കരുത്: ആന ഉടമകള്‍ക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
കോഴിക്കോട്: രണ്ട് ആന ഉടമകള്‍ക്കെതിരായ വനം വകുപ്പിന്റെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആന ഉടമസ്ഥ സംഘം പ്രസിഡന്റും സി.പി.ഐ നേതാവുമായ ജി. കൃഷ്ണപ്രസാദ് വനം മന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടി. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയിട്ടുണ്ട്.
ആന ഉടമകള്‍ക്കെതിരേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യക്തിഹത്യ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണപ്രസാദ് സര്‍ക്കാരിനെ സമീപിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ വാഹനങ്ങളില്‍ കടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചും വ്യാജരേഖകള്‍ ചമച്ചും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി കേരളത്തിലേക്ക് ആനകളെ കൊണ്ടുവന്നവര്‍ക്കെതിരേയുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇരുന്നൂറിലധികം ആനകളെ കേരളത്തില്‍ വില്‍പന നടത്തിയതായി കൊല്ലത്തുള്ള ആന ഉടമയും ആന വ്യാപാരിയുമായ വി.ഷാജി യൂ ട്യൂബ് വിഡിയോയില്‍ അവകാശപ്പെട്ടിരുന്നു. തൃശൂരിലെ ആന ഉത്സവ സംരക്ഷണ സഹായ സമിതിയുടെ പരാതിയെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഷാജിയും തിരുവനന്തപുരം സ്വദേശി വി.എം പ്രശാന്തുമടക്കം ഏതാനും പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ 15 ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും പുനലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. ഷാജിയെയും പ്രശാന്തിനെയും വനം വകുപ്പുദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുകയാണെന്നു കാണിച്ചാണ് ആന ഉടമസ്ഥ സംഘം വനം മന്ത്രിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."