കെ.എസ്.ആര്‍.ടി.സി 100 ബസുകള്‍ വാങ്ങും
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ 50 കോടിയുടെ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ബസുകളുടെ ആധുനികവല്‍ക്കരണവും ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി മൂന്നു വ്യത്യസ്ത തരം ശ്രേണികളിലായി നൂറു ബസുകള്‍ വാങ്ങുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
10.40 കോടി രൂപ ചെലവില്‍ എട്ടു സ്ലീപ്പര്‍ എ.സി ബസുകള്‍ വാങ്ങും. തിരുവനന്തപുരം -ബംഗളൂരു റൂട്ടില്‍ ഇവ സര്‍വിസ് നടത്തും. അന്തര്‍സംസ്ഥാന സര്‍വിസുകളിലേക്ക് കൂടുതല്‍ ഇടത്തരം യാത്രക്കാരെ ആകര്‍ഷിക്കാന്‍ 10.80 കോടി രൂപ മുടക്കി 20 പ്രീമിയം എസി സീറ്റര്‍ ബസുകളും വാങ്ങും.
28.80 കോടി രൂപ മുടക്കി 72 കണ്‍വന്‍ഷനല്‍ എയര്‍ സസ്‌പെന്‍ഷന്‍ ബസുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. എക്‌സ്പ്രസ് സര്‍വിസുകള്‍ക്കായി ഇവ ഉപയോഗിക്കും. കൂടുതല്‍ ലഗേജ് സ്‌പേസ്, ജി.പി.എസ് സംവിധാനം, മൊബൈല്‍ ചാര്‍ജിങ്ങിനു സൗകര്യം എന്നിവ ഉള്‍പ്പെടുന്ന ബസുകളാണ് വാങ്ങുക.
സ്ലീപ്പര്‍ ബസുകളില്‍ കൊവിഡ് കാലത്ത് യാത്രക്കാര്‍ തമ്മിലുള്ള ദൂരപരിധി ഉറപ്പാക്കിയാകും സര്‍വിസ് നടത്തുക. ഈ വര്‍ഷത്തെ പ്ലാന്‍ സ്‌കീമിലൂടെ ലഭിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനു മുന്‍പ് കിഫ്ബി വഴി 310 സി.എന്‍.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനും ഇതിനു പുറമെ 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. 460 ബസുകളാണ് ഈ വര്‍ഷം പുതുതായി വാങ്ങുന്നത്.
കൂടുതല്‍ ദീര്‍ഘദൂരസര്‍വിസുകള്‍ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫര്‍ട്ട് നല്‍കുന്ന കെ.എസ്.ആര്‍.ടി.സിയിലെ എ.സി ലോ ഫ്‌ലോര്‍ വോള്‍വോ സര്‍വിസുകളിലേക്ക് മാറും. ഇതു വിജയകരമായാല്‍ പുഷ്ബാക്ക് സീറ്റുകള്‍ ഉയര്‍ന്ന ക്ലാസില്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."