എല്ലാ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കും: മന്ത്രി ബാലന്‍
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പട്ടികവര്‍ഗക്കാരുടെ ആവാസ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 16.7 കോടി നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പഠനമുറി സ്ഥാപിക്കും. ഇവിടങ്ങളില്‍ ഗോത്രഭാഷ അറിയുന്നവരെ അധ്യാപകരായി നിയമിക്കും.
അഭ്യസ്തവിദ്യരായ എല്ലാ ആദിവാസികള്‍ക്കും തൊഴില്‍ നല്‍കും. അട്ടപ്പാടിയില്‍ നടപ്പാക്കിയതുപോലുള്ള കമ്യൂണിറ്റി കിച്ചന്‍ പദ്ധതി വയനാട്, മലപ്പുറം ജില്ലകളിലും നടപ്പാക്കും. ആദിവാസി മേഖലകളില്‍ ലഹരി പദാര്‍ഥ ഉപയോഗം തടയുന്നതിന് തീവ്രയത്‌നം നടത്തും.
ഗോത്രസാരഥി പദ്ധതിയില്‍ കുടിശ്ശികയുണ്ടായിരുന്ന 6.67 കോടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊടുത്തുതീര്‍ത്തു. പട്ടികജാതിക്കാരായ 4,465 ഭൂരഹിത കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം വാങ്ങിക്കൊടുത്തിട്ടുണ്ട്.
4,687 പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ ധനസഹായം നല്‍കി. പട്ടികജാതിയിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളുടെ വികസനത്തിനുള്ള പദ്ധതി ഈ വര്‍ഷം നടപ്പാക്കും.
ആറു കോര്‍പറേഷന്‍ പരിധികളിലും പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രീമെട്രിക് ഹോസ്റ്റലുകള്‍ പണിയും. എല്ലാ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള തുക ചെലവഴിക്കാതിരിക്കുന്നവരെയും നിയമനങ്ങളില്‍ വീഴ്ച വരുത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമമുണ്ടാക്കും.
പട്ടികജാതിക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് ഏഴു ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വായ്പ നല്‍കും. ഇതില്‍ 30 ശതമാനം സബിസിഡി ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."