അബഹ വിമാനത്താവള ഡ്രോണ്‍ ആക്രമണം; ഞെട്ടല്‍ മാറാതെ സൈതാലിയും കുടുംബവും
റിയാദ്: സഊദിയിലെ അബഹയില്‍ വിമാനത്താവളത്തിനു നേരെ നടന്ന ഡ്രോണ്‍ സ്ഫോടന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിയും കുടുംബവും ഞെട്ടലില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല. നാട്ടിലേക്ക് പോകുന്ന മകനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 10 വര്‍ഷമായി സ്റ്റുഡിയോ ഫോട്ടോഗ്രാഫറായി ഇവിടെ ജോലി ചെയ്യുന്ന സെയ്താലി രണ്ട് മാസം മുമ്പാണ് കുടുംബത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നത്. മൂത്തമകന് അമന് മുഹമ്മദി(11)നെ സ്കൂള്‍ തുറന്നതിനാല്‍ നാട്ടിലേക്കയക്കാനായിരുന്നു ഭാര്യ ഖൗലത്ത് തുവ്വക്കാട്, മറ്റു മക്കളായ ആശിന് മഹ്മൂദ് (7) അയാന് അഹമ്മദ്(രണ്ട്) എന്നിവര്‍ക്കൊപ്പം വിമാനത്താവളത്തിലെത്തിയത്.
ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം കുടുംബവുമായി പുറത്തിറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. ഉടന്‍ തന്നെ ഒരു കുട്ടിയെ സൈതാലിയും മറ്റൊരു കുട്ടിയെ ഭാര്യയും കയ്യിലെടുത്ത് പ്രാണരക്ഷാര്‍ഥം ടെര്‍മിനലിലുള്ളിലേക്ക് ഓടി കയറുകയായിരുന്നു.
ഇരുവര്‍ക്കും പരിക്കുണ്ട്. സെയ്താലിയുടെ ഇടതു നെഞ്ചിനും ഭാര്യയുടെ ഇടതു കാലിനുമാണ് പരിക്കേറ്റത്. കുട്ടികള്‍ ആകെ പേടിച്ച അവസ്ഥയിലാണ്. ഉടന്‍ തന്നെ നാലു പേരെയും മറ്റു പരിക്കേറ്റവരോടൊപ്പം സഊദി ജര്‍മന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നല്കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ 13 സ്വദേശികള്‍ക്കും നാലു ഇന്ത്യക്കാര്‍ക്കും രണ്ട് ഈജിപ്തുകാരും രണ്ട് ബംഗാളികളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ഒരു സിറിയന്‍ പൗരന് മരിച്ചിരുന്നുവെന്നും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞിരുന്നു. ആക്രമണത്തില്‍ വിവിധ ലോക രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."