സച്ചിനെ വിമര്‍ശിച്ച് ധോണി ആരാധകര്‍
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് ധോണി ആരാധകര്‍. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരേ നടന്ന മത്സരത്തിലെ ധോണിയുടെ പ്രകടനത്തെ സച്ചിന്‍ വിമര്‍ശിച്ചിരുന്നു. ആക്രമിച്ചു കളിക്കേണ്ടിയിരുന്ന അവസരത്തില്‍ ധോണി സാഹചര്യത്തിനൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. 84 ബോളില്‍ 57 റണ്‍സ് അടിച്ചെടുത്ത ധോണിയുടേയും കേദാര്‍ ജാദവിന്റെയും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
താന്‍ നിരാശനാണെന്നും മത്സരം അല്പംകൂടി മികച്ചതാക്കാമായിരുന്നെന്നും ധോണിയുടേയും ജാദവിന്റെയും പ്രകടനത്തില്‍ സന്തോഷവാനല്ലെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സച്ചിന്റെ ഈ അഭിപ്രായപ്രകടനം ധോണി ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല. ഇതിന് മറുപടിയായി സച്ചിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ധോണി ആരാധകര്‍. സച്ചിനെ ട്രോളാനും അവര്‍ തയാറായി എന്നത് അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കി കാണുന്നത്. മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികള്‍ പോലും ഏറെ ബഹുമാനിക്കുന്ന സച്ചിന്‍ എന്ന ഇതിഹാസത്തെ ഇന്ത്യയിലുള്ളവരാണ് ട്രോളുന്നത് എന്നത് ഏറെ വേദനാജനകമാണ്. അതും ധോണി ആരാധകര്‍!! ധോണിയിലെ പ്രകത്ഭനായ ക്യാപ്റ്റനെ പുറത്തുകൊണ്ടുവന്നത് സച്ചിനാണെന്ന വസ്തുത ചിലപ്പോള്‍ അവര്‍ മറന്നിരിക്കണം.
സച്ചിനേയും ധോണിയേയും താരതമ്യം ചെയ്തുള്ള നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രസകരമായ വസ്തുത എന്തെന്നാല്‍ സച്ചിന്റെയും ധോണിയുടെയും ജീവിതം ആസ്പദമാക്കി നിര്‍മിച്ച സിനിമ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."