'പാചകം വല്യ 'സംഭവം' ഒന്നുമല്ലെന്നേ...ഒന്നു കൈവെച്ചു നോക്കൂ..'-പുതു തലമുറക്ക് ചില പാചക പാഠങ്ങള്‍
ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ് പാചകം. മുരളി തുമ്മാരുക്കുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നമ്മെ ഓര്‍മിപ്പിക്കുകയാണ്. അമ്മിയലരക്കുന്നതിന് സ്വാദ് കൂടുമെന്ന് പഴഞ്ചന്‍ ചിന്തയെ ദൂരെ കളയാന്‍ ഉപദേശിക്കുന്ന അദ്ദേഹം കല്യാണം കഴിക്കുന്ന പെണ്‍കുട്ടികള്‍ സ്വന്തം അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് പയ്യന്മാരുടെ അതിമോഹത്തേയും വിമര്‍ശിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പുതിയ തലമുറക്ക് ചില പാചക പാഠങ്ങള്‍..
എഫ് എ സി ടി യിലെ കാന്റീന്‍ ജീവനക്കാരന്‍ ആയിരുന്നു അച്ഛന്‍ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ ദിവസവും അയ്യായിരത്തില്‍ അധികം ആളുകള്‍ക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു. അനവധി പാചകക്കാരും സഹായികളും ഒക്കെ ഉണ്ട് എന്നാലും പാചകം മുതല്‍ പാത്രം കഴുകുന്നത് വരെ ഉള്ള എല്ലാ പണികളും അച്ഛന് അറിയാമായിരുന്നു, നന്നായി ചെയ്തിരുന്നു. ബന്ധുവീടുകളില്‍ കല്യാണമോ ഒക്കെ ഉണ്ടെങ്കില്‍ സദ്യക്ക് അച്ഛന്‍ പച്ചക്കറി കഷ്ണം മുറിക്കുന്നത് കാണാന്‍ തന്നെ ആളുകള്‍ നോക്കി നില്‍ക്കുമായിരുന്നു. ഇത് ഞങ്ങളുടെ അച്ഛന്‍ ആണ് എന്ന ഗമയില്‍ ഞങ്ങളും.
കാന്റീനിലും കല്യാണത്തിനും മാത്രമല്ല വീട്ടിലും പാചകം ചെയ്യുന്നതില്‍ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതും ചെയ്യേണ്ടതും സ്ത്രീകള്‍ ആണെന്നൊരു ചിന്ത ഒന്നും എനിക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. നാലാം കഌസില്‍ പഠിക്കുമ്പോള്‍ ചായ ഉണ്ടാക്കുവാന്‍ നോക്കി എന്റെ കൈ പൊള്ളിയിട്ടുണ്ട്, എട്ടാം കഌസ്സില്‍ ആയപ്പോഴേക്കും ഒറ്റക്ക് ബ്രേക്ക് ഫാസ്റ്റ് ഒക്കെ ശരിയാക്കാനുള്ള പരിശീലനവും ആയിരുന്നു.
പക്ഷെ പാചകം ശരിക്ക് ചെയ്ത് തുടങ്ങിയത് ബോംബെയില്‍ ജോലി ചെയ്ത് തുടങ്ങിയ കാലത്താണ്. കപ്പയും മീനും മുതല്‍ ബിരിയാണി വരെ എന്തും ഉണ്ടാക്കുമായിരുന്നു, രാജ്യം വിട്ടതോടെ പാചകവും അന്താരാഷ്ട്രം ആയി. ജനീവയില്‍ ആരെങ്കിലും എത്തിയാല്‍ അവര്‍ക്ക് പാചകം ചെയ്തു കൊടുക്കുക എന്റെ ഹരമാണ്.
കേരളത്തിലെ പുതിയ തലമുറ പാചകത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്‍ ആണ്. ബഹുഭൂരിപക്ഷം വീടുകളിലും അമ്മമാരാണ് പാചകം നടത്തുന്നത്, ,അവര്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ കൂടി. അതേ സമയം ഈ അമ്മമാര്‍ കുട്ടികളെ, അത് ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികള്‍ ആയാലും, പാചകം ഒന്നും പഠിപ്പിക്കുന്നില്ല. കുട്ടികളെ പഠിപ്പിച്ച് ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കുന്നതില്‍ ആണ് ശ്രദ്ധ. അതേ സമയം പെണ്‍ കുട്ടികള്‍ക്ക് വിവാഹപ്രായം ആകുമ്പോള്‍ അവര്‍ എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആണെങ്കില്‍ പോലും 'കുട്ടിക്ക് പാചകം ഒക്കെ അറിയാമോ' ചോദ്യം വരുന്നു. കല്യാണം കഴിക്കുന്ന പെണ്‍കുട്ടികള്‍ സ്വന്തം അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് പയ്യന്മാര്‍ കരുതുന്നു. സീന്‍ കോണ്‍ട്രാ ആകുന്നു.
അതുകൊണ്ടാണ് ഇന്ന് പാചകത്തെ പറ്റി പുതിയ തലമുറക്ക് കുറച്ച് ഉപദേശങ്ങള്‍ നല്‍കാം എന്ന് വിചാരിച്ചത്.
1. ഈ പാചകം എന്ന് വച്ചാല്‍ വലിയ സംഭവം ഒന്നുമല്ല. നന്നായി ഭക്ഷണം ഉണ്ടാക്കാന്‍ വിഷമവും ഇല്ല, ചീത്തയായി ഉണ്ടാക്കാന്‍ ആണ് വിഷമം. അതുകൊണ്ടു തന്നെ പാചകം ചെയ്യാന്‍ മടിയും വേണ്ട.
2. എല്ലാവരും, ആണ്‍ കുട്ടികളും പെണ്‍കുട്ടികളും, പ്രൊഫഷണല്‍സും സാധാരണക്കാരും, ഒക്കെ മിനിമം അറിഞ്ഞിരിക്കേണ്ട ലൈഫ് സ്‌കില്‍ ആണ് പാചകം. ചെറുപ്പത്തിലേ പഠിച്ചു തുടങ്ങണം, പതിനെട്ട് വയസ്സാകുമ്പോഴേക്കും സ്വയം പര്യാപ്തത നേടണം.
3. പാചകത്തിന്റെ കാര്യത്തില്‍ അമ്മയോട് മത്സരം വേണ്ട. 'അമ്മ തയ്യാറാക്കുന്നത് പോലെ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പോയാല്‍ കാലത്തും നമുക്ക് പാചകം ശരിയായി എന്ന് തോന്നില്ല.
4. പാചകം തുടങ്ങുന്നതിന് മുന്‍പ് പാചകം ചെയ്യാനുള്ള അടുപ്പ് മുതല്‍ കഷ്ണം മുറിക്കാനുള്ള കത്തി വരെ നല്ലതായി ഉണ്ടായിരിക്കണം. മൈക്രോവേവ് തൊട്ട് പ്രഷര്‍ കുക്കര്‍ വരെ സുരക്ഷിതമായി ഉപയോഗിക്കാന്‍ പഠിക്കുകയും വേണം.
5. പാചകം എന്നത് മാരത്തോണ്‍ ഓട്ടം ഒന്നും ആക്കരുത്. ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ പാചകത്തിന് ചിലവാക്കുന്നത് അധികപ്പറ്റാണ്.
6. അമ്മിയില്‍ അരച്ച ചമ്മന്തിയുടെ പ്രത്യേക സ്വാദ്, മൈക്രോവേവ് ഓവനില്‍ ഉണ്ടാക്കിയതിന് സ്വാദ് കുറയും എന്നൊക്കെ പറയുന്ന പിന്തിരിപ്പന്‍ ചിന്താഗതിയെ അടിച്ചൊതുക്കണം. ഇവര്‍ക്കൊന്നും ഒരു ബ്ലൈന്‍ഡ് സാംപ്ലിങ് ടെസ്റ്റില്‍ രണ്ടും തമ്മിലുള്ള മാറ്റം തിരിച്ചറിയാന്‍ കഴിയില്ല, ചുമ്മാ ആളുകളെ അടുക്കളയില്‍ തളച്ചിടാനുള്ള വഴിയാണ്. വീഴരുത്.
7. നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചണ് പാചകം ചെയ്യേണ്ടത്. കറി വേപ്പില ഇല്ലാത്തതിനാല്‍ അവിയല്‍ ഉണ്ടാക്കാതിരിക്കരുത്.
8. മലയാളികളുടെ ന്യൂ ജന്‍ അടുക്കള സാമ്പാറും ബിരിയാണിയും ആയി ചുരുക്കരുത്. വാസ്തവത്തില്‍ യഥാര്‍ത്ഥ ഭക്ഷണത്തിന്റെ രുചി മസാലകൊണ്ടു മറക്കുന്ന ഒരു തട്ടിപ്പ് വിദ്യയാണ് ഇന്ത്യന്‍ കുക്കിങ്. പച്ചക്കറി ആണെങ്കിലും മീനാണെങ്കിലും അതിന്റെ സ്വാഭാവികമായ സ്വാദിനെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള അനവധി കുക്കിങ്ങ് രീതികള്‍ ലോകത്ത് ഉണ്ട് (നാരങ്ങാ നീര് പുരട്ടി പച്ചക്കു കഴിക്കുന്നത് ഉള്‍പ്പടെ). ചുമ്മാ ട്രൈ ചെയ്തു നോക്കണം സാര്‍..
9. പാചകം എന്നത് ക്രിയേറ്റിവിറ്റി ഉപയോഗിക്കാനും വളര്‍ത്താനും പറ്റിയ ഹോബിയാണ്. . ഓരോ ദിവസത്തെ പാചകത്തിലും എന്തെങ്കിലും ഒക്കെ പരീക്ഷണം നടത്തണം.
10. ചോറ് എന്നൊരു വസ്തുവിനെ മലയാളികളുടെ മെനുവില്‍ നിന്നും ഓടിച്ചു വിട്ടാല്‍ ശരാശരി മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം പത്തു ശതമാനം കൂടും, ചികിത്സാ ചിലവ് നാലിലൊന്നു കുറയുകയും ചെയ്യും. കേരളം ദരിദ്രമായിരുന്ന ഒരു കാലത്താണ് ഒരുപയോഗവും ഇല്ലാതെ ഈ കിട്ടുന്ന ചോറെല്ലാം അകത്താക്കി 'വയര്‍ നിറക്കുന്ന' സ്വഭാവം മലയാളിക്ക് ഉണ്ടായത്. ഇപ്പോള്‍ നമുക്ക് കൂടുതല്‍ പോഷകഗുണമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ട്, അപ്പോള്‍ കുന്നുകണക്കിന് ചോറുണ്ണുന്നത് ഒഴിവാക്കി പഠിക്കണം.
മുരളി തുമ്മാരുകുടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."