അടിയന്തിര സഹായത്തിന് വിളിക്കൂ 112
തിരുവനന്തപുരം : പൊതുജനങ്ങള്‍ക്ക് അടിയന്തിരസഹായം ലഭ്യമാക്കുന്നതിനായി ആരംഭിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സേവനം ഇന്നു മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമാകും.
112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം തയാറാക്കിയിരിക്കുന്നത്. അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വന്നത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ് ആസ്ഥാനത്ത് നിര്‍വഹിക്കും. ഡി.ജി.പി ലോകനാഥ് ബെഹ്‌റയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിവിധതരം സഹായ അഭ്യര്‍ഥനകള്‍ക്ക് വ്യത്യസ്ത ടെലിഫോണ്‍ നമ്പരുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും. ഫയര്‍ ഫോഴ്‌സിന്റെ സേവനങ്ങള്‍ക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങള്‍ക്കുള്ള 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."