ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു; ഡ്രൈവര്‍ അറിഞ്ഞില്ല, 83 വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: ഡ്രൈവര്‍ അറസ്റ്റില്‍, സ്കൂളിനെതിരേയും നടപടി
അന്തിക്കാട്(തൃശൂര്‍):കാഞ്ഞാണിയില്‍ 83 കുട്ടികളുമായി ഓടി കൊണ്ടിരുന്ന സ്കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു. ബസ് മറിയാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എറവ് സെന്റ്ജോസഫ്സ് സ്കൂളിന്റെ ബസിന്റെ പുറകിലെ രണ്ടു ചക്രങ്ങളാണ് തെറിച്ച് നടുറോഡില്‍ ഇടിച്ചു നിന്നത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേസെടുത്തു.
കാഞ്ഞാണി സെന്ററില്‍ ഇന്നലെ രാവിലെ 9.20 നായിരുന്നു അപകടം.
ബസിന്റെ നട്ടുകള്‍ പലതും റോഡില്‍ വീണു കിടന്നിരുന്നു. മുഴുവന്‍ നട്ടും ഊരി പോയിട്ടും ഇത് മനസിലായില്ലെന്നാണ് ഡ്രൈവര്‍ പൊലിസിനോട് പറഞ്ഞത്. ഇരു ചക്രവും ഊരിത്തെറിച്ച ശേഷം റോഡിലുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. ഈ സമയം ഇതുവഴി വന്ന മന്ത്രി വി.എസ് സുനില്‍കുമാര്‍ ബസിനടുത്തെത്തി വിവരങ്ങള്‍ തിരക്കി. വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്കൂളില്‍ എത്തിക്കാന്‍ ഏര്‍പ്പാടുണ്ടാക്കാന്‍ നിര്‍ദേശം നല്കി. നിരുത്തരവാദപരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെയും സ്കൂള്‍ അധികൃതര്‍ക്കെതിരെയും കേസ് എടുക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്കി. തുടര്‍ന്നാണ് ഡ്രൈവര്‍ എല്‍തുരുത്ത് കുണ്ടുകുളങ്ങര വീട്ടില്‍ റാഫേലിനെ അറസ്റ്റു ചെയ്ത് ബസ് കസ്റ്റഡിയിലെടുത്തത്. പഴക്കം ചെന്ന ബസ് മുന്‍പും ഒരുപാട് തവണ ഇത്തരം പ്രശ്നങ്ങളില്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."