തോടന്നൂരില്‍ അക്രമത്തിന് ശമനമില്ല; പൊലിസ് അതിക്രമമുണ്ടായതായി പരാതി
വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലും പരിസരങ്ങളിലും രണ്ടു ദിവസമായി അരങ്ങേറുന്ന അക്രമങ്ങള്‍ക്ക് ശമനമായില്ല. ശനിയാഴ്ച രണ്ടു തവണ സമാധാന യോഗം നടത്തിയിട്ടും പ്രദേശത്തെ അക്രമങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ നടത്തിയ സമാധാന യോഗത്തിനു ശേഷമാണ് വൈകിട്ട് മുസ്‌ലിം ലീഗ് ഓഫിസ് തീവച്ചു നശിപ്പിച്ചത്. വടിവാളും ബോംബുകളുമായെത്തിയ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഓഫിസിന് തീയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ മുസ്‌ലിം ലീഗ് നേതാക്കളുടെയും അനുഭാവികളുടെയും വീടുകളില്‍ പൊലിസ് അതിക്രമിച്ചു കടന്നതായി പരാതി ഉയര്‍ന്നു. രാത്രിയോടെയെത്തിയ പൊലിസ് മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം കണ്ടിയില്‍ അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നതായാണ് പരാതി. പൊലിസുകാര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി വീട്ടുകാര്‍ പറഞ്ഞു.
ഇതിനുശേഷം സമീപത്ത് സ്ത്രീകള്‍ മാത്രമുള്ള പുതിയോട്ടില്‍ സമീറയുടെ വീട്ടിലെത്തുകയും വീടിന്റെ വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തതായി ലീഗ് നേതാക്കള്‍ പറയുന്നു. പൊലിസ് സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ലീഗ് നേതൃത്വം കുറ്റപ്പെടുത്തി. സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."