അനുവാദമില്ലാതെ സ്‌കൂളുകളില്‍ പ്രീ പ്രൈമറികള്‍: അങ്കണവാടികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കാസര്‍കോട്: പ്രീ പ്രൈമറികള്‍ തുടങ്ങരുതെന്ന നിര്‍ദേശം കാറ്റില്‍ പറത്തി സ്‌കൂളുകളെല്ലാം എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ അങ്കണവാടികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മൂന്നര വയസ് പ്രായമുള്ള കുട്ടികളെ പോലും സ്‌കൂളുകളോട് അനുബന്ധിച്ച് തുടങ്ങിയ പ്രീ പ്രൈമറിക്കാര്‍ കൊണ്ടുപോയപ്പോള്‍ താഴിടേണ്ട നിലയിലാണ് മിക്ക അങ്കണവാടികളും. 2012 ന് ശേഷം സ്‌കൂളുകളോട് അനുബന്ധിച്ച് പ്രീ പ്രൈമറികള്‍ ആരംഭിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് അതെല്ലാം കാറ്റില്‍ പറത്തി പൊതുവിദ്യാലയങ്ങളില്‍ വ്യാപകമായി പ്രീ പ്രൈമറികള്‍ ആരംഭിച്ചിരിക്കുന്നത്.
തോന്നിയത് പോലെ പ്രീ പ്രൈമറികള്‍ ആരംഭിക്കുകയും പിന്നീട് ഓണറേറിയത്തിനായി ജീവനക്കാര്‍ സര്‍ക്കാരിനെയും ഹൈക്കോടതി, മനുഷ്യാവകാശ കമ്മിഷന്‍, സംസ്ഥാന ബാലാവകാശ കമ്മിഷന്‍ എന്നിവയെയും സമീപിക്കുന്ന രീതി വന്നതോടെയാണ് പ്രീ പ്രൈമറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസം അങ്കണവാടികളിലൂടെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയും ചെയ്യുന്നുണ്ട്.
ഇതിനിടയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേര് പറഞ്ഞാണ് ഇത്തവണ പലയിടങ്ങളിലും എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. ക്ലാസ് മുറികളില്‍ ഹൈടെക് സംവിധാനം ഒരുക്കിയതോടെ രക്ഷിതാക്കള്‍ കുട്ടികളുമായി അവിടങ്ങളിലേക്ക് എത്തുകയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.ടി.എ യും, എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജ്‌മെന്റും മുന്‍കൈ എടുത്താണ് ഇത്തരത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. പ്രീ പ്രൈമറി കുട്ടികളെ ഒന്നാംതരത്തില്‍ വിദ്യാലയത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയും എന്നതാണ് ഇത്തരത്തിലൊരു നീക്കത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്. മലയാളം ഡിവിഷന്‍ പേരിനു മാത്രം നിലനിര്‍ത്തി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും വിദ്യാലയങ്ങളില്‍ വ്യാപകമായി കഴിഞ്ഞു.
മൂന്നിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അനൗപചാരിക പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കിവരുന്ന അങ്കണവാടികള്‍ അടച്ചു പൂട്ടിയാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പോഷണ വിദ്യാഭ്യാസം, കൗമാര ആരോഗ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭിണികള്‍ക്കുള്ള പരിചരണം എന്നിവയും നിലയ്ക്കും. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അങ്കണവാടി ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."