മരട് ഫ്ളാറ്റ്: അനിശ്ചിതത്വം തുടരുന്നു, പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
കൊച്ചി: ഒഴിഞ്ഞുപോകാനുള്ള നഗരസഭ നിര്‍ദേശിച്ച സമയപരിധി അവസാനിക്കുമ്പോള്‍ മരട് ഫഌറ്റ് വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഒഴിയണമെന്നായിരുന്നു അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങളോടുള്ള നഗരസഭയുടെ നിര്‍ദേശം. പത്താം തീയതിയാണ് ഇതുസംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു.
താമസക്കാര്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പ്രകാരം മുന്നറിയിപ്പ് ഇല്ലാതെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണു നഗരസഭയുടെ നോട്ടിസില്‍ പറഞ്ഞിരുന്നത്. കൂടാതെ പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ നഗരസഭയെ സമീപിച്ചിരുന്നു. പത്താം തിയതിയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനായി വിദഗ്ധ ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ച് നഗരസഭ പരസ്യം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഏജന്‍സികള്‍ നഗരസഭയെ സമീപിച്ചത്. അതേ സമയം ഫഌറ്റിനെ ചൊല്ലിയുള്ള വിവാദവും അനിശ്ചിതത്വവും തുടരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രം തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് അറിയുന്നത്. സംഭവം വലിയ രാഷ്ട്രീയ വിഷയമായി മാറിയതോടെ കരുതലോടെ നീങ്ങാനാണ് മരട് നഗരസഭയുടെ തീരുമാനം.
എന്നാല്‍ ഒഴിയാനുള്ള നഗരസഭയുടെ നോട്ടിസിലെ സമയം അവസാനിക്കുമ്പോള്‍ ഫഌറ്റുകള്‍ ഒരിക്കലും ഒഴിയില്ലെന്ന നിലപാടിലുറച്ച് സമരം ശക്തമാക്കുകയാണ് ഫഌറ്റിലെ കുടുംബങ്ങള്‍.ഉടമകളുടെ നേതൃത്വത്തില്‍ മരട് നഗരസഭയിലേക്ക് മാര്‍ച്ച്‌നടത്തി.സമരത്തിന് ശക്തമായ പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തുണ്ട്. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഇന്ന് രാവിലെ തന്നെ ഫ്‌ളാറ്റുടമകള്‍ പ്രതിഷേധസമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരക്കാരെ കാണാനെത്തി.അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ എത്തുമെന്നാണറിയുന്നത്.
നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരേ ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യും. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഫ്‌ളാറ്റുടമകള്‍ നേരത്തെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹരജി നല്‍കിയിരുന്നു. ഇതോടൊപ്പം എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഫ്‌ളാറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നുമാണ് സങ്കട ഹരജിയിലൂടെ അഭ്യര്‍ത്ഥിച്ചത്.
സുപ്രീംകോടതി തീരുമാനം ഉദ്യോഗസ്ഥരുടെ പിടിപ്പ്‌കേട് കാരണം: മേശ് ചെന്നിത്തല
കൊച്ചി: മരടിലെ ഫഌറ്റുകള്‍ പൊളിക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതി തീരുമാനം കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ഫഌറ്റുടമകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി നല്‍കണമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ് മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
നേരത്തെ സമര്‍പ്പിച്ച സബ്കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സുപ്രിം കോടതിയോട് അനുവാദം തേടണം.ഇതിനു ശേഷം പുതുതായി റിപ്പോര്‍ട്ട് നല്‍കി അത് കോടതി പരിഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കണം.എന്നാല്‍ മാത്രമെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മദ്യഷാപ്പുകള്‍ പാതയോരങ്ങളില്‍ പാടില്ലെന്ന വിധി വന്നപ്പോള്‍ ദേശീയ പാതകള്‍ പോലും സംസ്ഥാന പാതകളാണെന്ന് തരത്തില്‍ ഡിനോട്ടിഫൈ ചെയ്ത സര്‍ക്കാരാണ് ഇവിടുള്ളത്.അത്തരത്തിലുള്ള സര്‍ക്കാര്‍ എന്തുകൊണ്ടു ഫഌറ്റിന്റെ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.സര്‍ക്കാര്‍ എന്തിനാണ് ഫഌറ്റ് പൊളിക്കാന്‍ തയാറാണെന്ന് ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണോ അതോ വേട്ടക്കാര്‍ക്കൊപ്പമാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി
കൊച്ചി: മരട് ഫഌറ്റ് വിഷയത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ലെന്നും കോടിയേരി പറഞ്ഞു.നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ തര്‍ക്കം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി പറഞ്ഞു.
രജിസ്‌ട്രേഷന്‍ അടക്കം നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്ക് എതിരേ നടപടി എടുക്കുന്നത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി. ഒറ്റക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സി.പി.എം ഒപ്പമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."