കോറോത്തെ ദുരിതാശ്വാസ ക്യാംപില്‍ മൂന്നംഗ കുടുംബം നിരാഹാര സമരത്തില്‍
കോറോം: പ്രളയത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തില്‍. ക്യാംപില്‍ കഴിയാന്‍ തുടങ്ങി 81 ദിവസം കഴിഞ്ഞിട്ടും സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഭര്‍ത്താവും ഭാര്യയും വിദ്യാഥിയായ മകനുമടങ്ങുന്ന കുടുംബം നിരാഹാര സമരം ആരംഭിച്ചത്.
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡായ കോറോം ചെറുമൂലയിലെ തലപുഞ്ചയില്‍ ബെന്നി, ഭാര്യ ഷൈബി, മകന്‍ സ്റ്റെറിന്‍ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന കോറോം ചീപ്പാടുള്ള പഴയ ആശുപത്രി കെട്ടിടത്തിലാണ് മൂന്നംഗ കുടുംബം നിരാഹാര സമരം നടത്തുന്നത്. ബെന്നിയും ഭാര്യ ഷൈബിയും രോഗികളാണ്. മകന്‍ സ്റ്റെറിന്‍ പാലേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാഥിയാണ്. ഞായറാഴ്ച മുതലാണ് കുടുംബം നിരാഹാര സമരം തുടങ്ങിയത്.
ക്യാംപില്‍ കഴിയുന്ന ഏക കുടുംബമാണ് ഷൈബിയുടേത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ജില്ലാ ഭരണകൂടത്തെയും റവന്യൂ ഉന്നത ഉദ്യോഗസ്ഥരെയും നേരത്തേ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്നാണ് കുടുംബം ഞായറാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങിയത്. ആസ്പറ്റോസ് ഷീറ്റ് കൊണ്ട് നിര്‍മിച്ച വീട് പുറക് വശത്ത് നിന്നും മണ്ണിടിഞ്ഞ് വീണ് പൂര്‍ണമായും തകരുകയായിരുന്നു. നേരത്തേ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് നല്‍കിയ നാല് സെന്റ് സ്ഥലത്ത് നിര്‍മിച്ച വീട് തകര്‍ന്നതിനെ തുടര്‍ന്ന് ബെന്നിയെയും കുടുംബത്തെയും ഓഗസ്റ്റ് 12നാണ് ദുരിതാശ്വാസ ക്യാംപായ കോറോം സ്‌കൂളില്‍ മാറ്റി പാര്‍പ്പിച്ചത്. ആദ്യമായി ക്യാംപിലെത്തിച്ചതും ബെന്നിയുടെ കുടുംബത്തെയാണ്. 10 ദിവസം കഴിഞ്ഞപ്പോള്‍ ക്യാംപില്‍ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര പതിയാത്തതില്‍ പ്രധിഷേധിച്ച് ബെന്നിയും കുടുംബവും നിരാഹാര സമരം നടത്തുകയും ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുമായിരുന്നു.
ഓഗസ്റ്റ് 28ന് കോറോം സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വന്ന ദുരിതാശ്വാസ ക്യാംപ് ചീപ്പാടേക്ക് മാറ്റി. ക്യാംപില്‍ കഴിഞ്ഞ് കൊണ്ട് വീട് പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ ആരംഭിച്ചിരുന്നു. അതിനിടെ ഒരു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായി ബെന്നി പറഞ്ഞു. ഇതേ തുടര്‍ന്ന് ഇവരുടെ നിര്‍ദ്ദേശ പ്രകാരം ഇടിഞ്ഞ് വീണ മണ്ണും പൂര്‍ണമായി തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളും മാറ്റി സ്ഥലം വീട് നിര്‍മാണത്തിന് അനുയോജ്യമാക്കി.
ഇതിന് പുറമെ 640 സ്‌ക്വയര്‍ഫീറ്റ് വീടിനുള്ള പ്ലാനും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കി അനുമതി നേടിയെടുത്തു. ബെന്നി നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നയാളാണ്. ഷൈബി പ്രമേഹം, പ്രഷര്‍ രോഗിയും. ഇതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബം പലരോടും പണം കടം വാങ്ങിയാണ് ഇടിഞ്ഞ് വീണ മണ്ണ് മാറ്റിയതും വീടിന്റെ പ്ലാനിന്റെ അനുമതി നേടി എടുത്തതും. അതിനിടെ വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ സന്നദ്ധ സംഘടന പിന്നീട് ബെന്നിയുടെ കുടുംബവുമായി ബന്ധപ്പെട്ടില്ല. റവന്യൂ അധിക്യതരും നിസംഗത പാലിച്ചു. ഈ കുടുംബത്തിന് റവന്യൂ അധിക്യതര്‍ പതിനായിരം രൂപ നല്‍കുകയും വീട് പൂര്‍ണമായും തകര്‍ന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ രോഗികളായ ദമ്പതികള്‍ക്ക് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നതിന്റെ ബുദ്ധിമുട്ട് ഏറെയാണ്. അതിന് പുറമെ മകളുടെ കല്യാണം മെയ് മാസം നടത്താന്‍ നിശ്ചയിച്ചിട്ടുമുണ്ട്. ദുരിതാശ്വാസ ക്യാംപില്‍ നിന്നും മാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ശാശ്വത പരിഹാരം കാണുകയും ചെയ്യുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."