നിലമ്പൂര്‍ ടൗണിലെ ചളിക്കുളമായ റോഡ് നന്നാക്കാന്‍ നടപടി തുടങ്ങി
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഇടപെടല്‍ മൂലം ടൗണിലെ ചളിക്കുളമായ റോഡ് നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. നഗരസഭയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് നിലമ്പൂര്‍ ടൗണില്‍ രണ്ടു കിലോമീറ്ററോളം റോഡ് പൈപ്പ് ഇടുന്നതിനായി വെട്ടിപൊളിച്ചത്.
പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി റോഡ് വെട്ടിപൊളിച്ചതോടെ നിലമ്പൂര്‍ ടൗണിലെ യാത്രാദുരിതത്തെ സംബന്ധിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ നിലമ്പൂരിലെത്തിയ എം.എല്‍.എ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ടിബിയില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അടിയന്തിരമായി ക്വാറി വേയ്‌സ്റ്റ് ഉപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കാനും കാല്‍നടക്കാരുടെ യാത്രാ തടസം നീക്കാനും തീരുമാനമായി. രണ്ടുദിവസത്തിനകം ഇത് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
വെട്ടിപൊളിച്ച ഭാഗം ടാര്‍ ചെയ്ത് പൂര്‍വ സ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച റോഡ് രണ്ടുമാസത്തിനകം ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കും. അതേസമയം നഗരസഭയുടെ കുടിവെള്ള പദ്ധതിയായിട്ടും പൊതുമരാമത്ത് വകുപ്പ് രേഖാമൂലം ക്ഷണിച്ചിട്ടും നഗരസഭാ ഭരണസമിതി അംഗങ്ങള്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. ഇബ്രാഹിം, അസി. എന്‍ജിനിയര്‍ പി. രാമകൃഷ്ണന്‍, ഓവര്‍സിയര്‍ സുധീഷ്, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ.എസ് സന്തോഷ്‌കുമാര്‍ തുടങ്ങിയവരും മറ്റു ഉദോഗ്യസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."