കത്തിലൂടെ സൃഷ്ടിക്കാം 'നവകേരളം!'
മലപ്പുറം: നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി കത്തെഴുതുന്നു. നവകേരള സ്യഷ്ടിക്കായി കുട്ടികളുടെ അഭിപ്രായം ശേഖരിക്കുകയാണ് ലക്ഷ്യം. കത്ത് നാളെ രാവിലെ പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്തു പ്രധാനാധ്യാപകന് കുട്ടികളെ വായിച്ചുകേള്‍പ്പിക്കും. ഇതിനു മികച്ച മറുപടി കത്ത് അയക്കുന്നവര്‍ക്കാണ് സമ്മാനം.
ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുല്ല എല്ലാ സ്കൂളുകള്‍ക്കും കൈമാറി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30നു വേങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിക്കും. വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സലീം കരുവമ്പലം, ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുല്ല പങ്കടുക്കും.
എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുന്നതിനായി മുഖ്യമന്ത്രി എഴുതിയ കത്ത് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ എത്തിക്കും. ഇതിനോടൊപ്പം നെയിംസ്ലിപ്പും നല്‍കും. പ്രകൃതിയെ ജീവസുറ്റതാക്കുന്ന പ്രവര്‍ത്തനങ്ങളായ ജൈവ ക്യഷി പ്രോത്സാഹനം, ജലസംരക്ഷണം, മരങ്ങള്‍ വച്ചുപിടിപ്പിക്കുക തുടങ്ങിയ ആശയങ്ങളെ കരുത്തുറ്റതാക്കി പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിനാവിശ്യമായ നടപടികളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മികച്ച ആശയങ്ങളുള്ള കത്തിനു മികച്ച മറുപടി അയക്കുന്നവര്‍ക്കു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."