ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതികള്‍ പിടിയില്‍; ജീവപര്യന്തം തടവിന് ശിക്ഷിച്ചവരെ വെറുതെവിട്ടു
തൃശൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ക്രൈംബ്രാഞ്ച്. കുന്നംകുളം തൊഴിയൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ കൊല്ലപ്പെട്ട കേസിലാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ഭീകര സംഘടനയായ ജംഇയത്തുല്‍ ഹിസാനിയയുടെ പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തി. 1994 ഡിസംബര്‍ 4നാണ് സുനിലിനെ ഒരുസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലിസ് എഴ് സി.പി.എമ്മുകാരെ കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് 1997 മാര്‍ച്ചില്‍ ഇവരില്‍ നാല് പേരെ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
അതിനിടെ ക്രൈം ബ്രാഞ്ച് നടത്തിയ കേസന്വേഷണങ്ങളുടെ ഭാഗമായി സുനില്‍ വധക്കേസില്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇവരുടെ ശിക്ഷ റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. 2017ല്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് ആരംഭിച്ച പുനരന്വേഷണത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതികളില്‍ എത്തിച്ചേരുകയായിരുന്നു.
ഭീകരസംഘടനയില്‍ പങ്കുണ്ടെന്ന് കരുതുന്ന ചാവക്കാട് തിരുവത്ര സ്വദേശി മൊയിനുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കരാട്ടെ അധ്യാപകനായ ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറ്റ് പ്രതികളെ സംബന്ധിച്ചും കൃത്യമായ വിവരം ലഭിച്ചുവെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."