വികസനം കാത്ത് പറമ്പില്‍ ബസാര്‍
ചേവായൂര്‍: പറമ്പില്‍ ബസാറിന് റോഡുണ്ട്, ബസ് സ്റ്റാന്‍ഡുണ്ട്, കളിക്കളവും സ്‌കൂളുമുണ്ട്. എന്നാല്‍ പറഞ്ഞറിയിക്കാനാവാത്ത വിധം ശോചനീയാവസ്ഥയിലായ ഇത്തരം സൗകര്യങ്ങള്‍ പൊതുജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കുരുവട്ടൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട അങ്ങാടിയായ പറമ്പില്‍ ബസാറിന്റെ അവസ്ഥയാണ് ഇത്.
കോഴിക്കോട് ഭാഗത്തേക്കും മെഡി. കോളജ് ഭാഗത്തേക്കുമായി മുപ്പതിലധികം ബസുകള്‍ പറമ്പില്‍ ബസാറില്‍നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ ഒരു റോഡിന്റെ വിസ്തീര്‍ണം മാത്രമുള്ള ബസ് സ്റ്റാന്‍ഡില്‍ സൗകര്യമില്ല.
യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ ശോചനീയാവസ്ഥയിലുള്ള ഒരു കുഞ്ഞു വെയ്റ്റിങ് ഷെഡാണുള്ളത്. ഇത് ഇപ്പോള്‍ ആരും ഉപയോഗിക്കാറില്ല. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കട വരാന്തയിലാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്. ജനങ്ങള്‍ക്കായി കംഫര്‍ട്ട് സ്റ്റേഷന്‍ പോലും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാരും ബസ് ജീവനക്കാരും മലമൂത്ര വിസര്‍ജനത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നത് തൊട്ടടുത്തുള്ള ഹോട്ടലാണ്.
ഇതിനകത്തു തന്നെയാണ് ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡും പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ വാഹനത്തില്‍ കയറ്റാനായി കൂട്ടിയിടുന്നതും ബസ് സ്റ്റാന്‍ഡിനകത്താണ്. മഴക്കാലത്ത് വെള്ളക്കെട്ടും ചളിയും വേനല്‍ കാലത്ത് പരസ്പരം കാണാനാകാത്ത പൊടിപടലങ്ങളുമായി കുണ്ടും കുഴിയും നിറഞ്ഞ റോഡ് പറമ്പില്‍ ബസാറിന്റെ തീരാ ശാപമാണ്.
സര്‍ക്കാരിന് വിട്ടുകൊടുക്കാതെ കുരുവട്ടൂര്‍ പഞ്ചായത്ത് പിടിച്ചുവച്ചതാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമെന്നും ഇപ്പോള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുത്തത് ആശ്വാസമായെന്നും നാട്ടുകാര്‍ പറയുന്നു. പറമ്പില്‍ ബസാറിലെ പഞ്ചായത്ത് കളിക്കളം ഉപയോഗശൂന്യമായി കിടക്കുകയാണ്. നിര്‍മിച്ച അതേ അവസ്ഥയില്‍ പുല്ലും മണ്ണും നിറഞ്ഞ അവസ്ഥയിലാണ് ഗ്രൗണ്ട്.
അങ്ങാടിയുടെ വടക്കു ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഈ സ്‌കൂളിന്റെ വളര്‍ച്ചയും ഇപ്പോള്‍ മുരടിച്ച നിലയിലാണ്. പഞ്ചായത്ത് ഭരണ സംവിധാനം നിലവില്‍ വന്നത് മുതല്‍ പഞ്ചായത്ത് ഭരിക്കുന്ന സി.പിഎമ്മിന് പറമ്പില്‍ ബസാറിന്റെ വികസനത്തിനായി കൂടുതലൊന്നും ചെയ്യാനായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."