ശബരിമലയിലെ സ്ത്രീപ്രവേശനം പുനപ്പരിശോധിക്കും, കേസ് ഏഴംഗബെഞ്ചിന്; മുസ്‌ലിംസ്ത്രീകളുടെ പള്ളിപ്രവേശനവും വിശാല ബെഞ്ച് പരിശോധിക്കും
ന്യൂഡല്‍ഹി: ശബരമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് സുപ്രിംകോടതി. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗസുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ആര്‍.എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡനും വിയോജിച്ചതിനാല്‍ 3ഃ2 ഭൂരിപക്ഷത്തിനാണ് സ്ത്രീപ്രവേശനവിധി പുനപ്പരിശോധിക്കാന്‍ തീരുമാനമായത്.
ഇപ്പോള്‍ അഞ്ചംഗബെഞ്ച് മുന്‍പാകെ വാദംകേട്ട വിധി ഇനി ഏഴംഗബെഞ്ച് മുന്‍പാകെയാവും തുടര്‍വാദംകേള്‍ക്കുക. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട കേസും ഏഴംഗ വിശാലബെഞ്ച് പരിശോധിക്കും. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഏഴംഗ ബെഞ്ചിലേക്ക് വിടാന്‍ ഉത്തരവിട്ടപ്പോള്‍ ജഡ്ജിമാരായ റോഹിങ്ടണ്‍ നരിമാനും ഡി.വൈ ചന്ദ്രചൂഡും പുനപ്പപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന നിലപാടും സ്വീകരിച്ചു.
ശബരിമല വിധിക്ക് മുസ്‌ലിംസ്ത്രീകളുടെ പള്ളി പ്രവേശവുമായും പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണ്. അതിനാല്‍ വിശാല ബെഞ്ചിന് വിടുകയാണെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. അതേസമയം, ആചാരങ്ങള്‍ പുലര്‍ത്താന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ്, വിധിക്ക് കേരള സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്ന് എടുത്തുപറയുകയുംചെയ്തു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബറിലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 55 ലേറെ ഹരജികളിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഒരേ മതത്തിലെ രണ്ടുവിഭാഗങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന പറഞ്ഞ കോടതി, മത ആചാരങ്ങള്‍ പൊതുക്രമങ്ങളുമായി ഒത്തുപോവേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം നീണ്ട വാദം കേട്ടശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശന കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്. അന്ന് സ്ത്രീപ്രവേശനത്തെ നാലുജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ ഏകവനിതാ ജഡ്ജി ഇന്ദുമല്‍ഹോത്ര എതിര്‍ക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചതോടെ ഇനി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ച് കേസില്‍ ഒരിക്കലൂടെ ഏഴംഗബെഞ്ച് മുന്‍പാകെ കക്ഷികള്‍ വാദം കേള്‍ക്കും. കക്ഷികള്‍ക്ക് വിശദമായി വാദങ്ങള്‍ അവതരിപ്പിക്കാന്‍ കോടതി സമയം അുവദിക്കും.
sabarimala review petition. supreme court verditc, muslim women mosque entry
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."