യു.എ.പി.എ കേസ്: പി.ബിയില്‍ സര്ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സി.പി.എം പോളിറ്റ്ബ്യൂറോയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.
പിബി യില്‍ നിന്ന് വിമര്‍ശനം കേട്ടാണ് താങ്കള്‍ ഇവിടെ വന്നതെന്ന് അറിയാമെന്ന പിടി തോമസിന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
'പിബിക്ക് അകത്ത് വന്നിരുന്ന പോലെ ആണ് വാര്‍ത്ത കൊടുത്തിട്ടുള്ളത്. ആ കട്ടില് കണ്ട് ആരും പനിക്കണ്ട. പിബി ഹൈക്കമാന്റ് അല്ല, വളരെ ശക്തമാണ്. സിപിഎമ്മില്‍ എല്ലാവരും പാര്‍ട്ടി മേല്‍ഘടകത്തെ അനുസരിക്കുന്നവരാണ്. മുന്‍കാലങ്ങളില്‍ പിബി എടുത്ത ശക്തമായ നടപടികള്‍ ഓര്‍മ്മയില്ലേ'- cുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ട് ഉള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."