ഉത്തരവുകള്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാകണം: ചീഫ് സെക്രട്ടറി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മലയാളം ടൈപ്പിങില്‍ സമയബന്ധിത പരിശീലനം
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. ഔദ്യോഗിക ഭാഷാ സംസ്ഥാനതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
ക്ലാസ് ഫോര്‍ ജീവനക്കാര്‍ ഒഴിച്ചുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും മലയാളം ടൈപ്പിങില്‍ പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതിന്റെ ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. ഒരു ജില്ലയ്ക്ക് പരിശീലനത്തിനായി 20 ലക്ഷം രൂപ നല്‍കും. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മേധാവികള്‍ക്കും പരിശീലനം നല്‍കും. പുതുതായി സര്‍വിസില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നത് പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
വിവിധ വകുപ്പുകളില്‍ മലയാള ഭാഷ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് അവലോകനം നടത്തി.
ഭരണപരിഷ്‌കാര വകുപ്പ് (ഔദ്യോഗിക ഭാഷ) സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."