കുട്ടികള്‍ മണ്ണുതിന്ന സംഭവം ശിശുക്ഷേമ സമിതി ജന.സെക്രട്ടറിയോട് വിശദീകരണം തേടി സി.പി.എം
തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികള്‍ പട്ടിണി കാരണം മണ്ണു തിന്നുവെന്ന് പറഞ്ഞ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിനോട് സി.പി.എം വിശദീകരണം തേടി. കുട്ടികള്‍ മണ്ണ് തിന്നേണ്ട സാഹചര്യമില്ലെന്ന് ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കിയതിനു പിന്നാലെ എസ്.പി ദീപക്ക് തനിക്ക് അബദ്ധം പറ്റിയതാണെന്ന് കഴിഞ്ഞദിവസം തിരുത്തിപ്പറഞ്ഞിരുന്നു.
വിഷയം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇന്നലെ സി.പി.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി എസ്.പി ദീപക്കിനോട് വിശദീകരണം തേടിയത്. ദുരിതം വിവരിച്ച് കുട്ടികളുടെ അമ്മക്കുവേണ്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയ സി.പി.എം വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിമലിനോടും വിശദീകരണം തേടിയിട്ടുണ്ട്.
കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ ചെല്ലുമ്പോള്‍ കുട്ടികളില്‍ ഒരാള്‍ മണ്ണ് കുഴച്ച് തിന്നുന്നതാണ് കണ്ടതെന്നായിരുന്നു നേരത്തേ എസ്.പി ദീപക് മാധ്യമങ്ങളോട് പറഞ്ഞത്.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ദേശീയമാധ്യമങ്ങള്‍ വരെ ഏറ്റുപിടിച്ചു.
തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ നേരിട്ടെത്തുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ചര്‍ച്ചയായി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും വിശദീകരിച്ചു. ഇതോടെ ദീപകിനോടു പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നു പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് വിഷയം പരിശോധിക്കുകയും എസ്.പി ദീപക്കിനോടും വിമലിനോടും വിശദീകരണം തേടാന്‍ ഏരിയാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
തിരുവനന്തപുരം നഗരസഭയെ സമ്മര്‍ദത്തിലാക്കുകയായിരുന്നോ ദീപക്കിന്റെ ലക്ഷ്യമെന്നും സി.പി.എം പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."