ന്യൂനപക്ഷ വേട്ടക്കെതിരായ ഭൂരിപക്ഷ സമൂഹത്തിന്റെ പ്രഹരം: മുനവ്വറലി തങ്ങള്‍
ചാവക്കാട്: നരേന്ദ്ര മോദിയുടെ ഏകമത സങ്കല്‍പ്പത്തിന് ഹൈന്ദവ മത വിശ്വാസികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നു തെളിയിക്കുന്നതാണ് ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലമെന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് യുവജന യാത്രക്ക് അണ്ടത്തോട്, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മോദിയുടെ തന്ത്രത്തിനാണ് തിരിച്ചടിയേറ്റത്.
ന്യൂനപക്ഷങ്ങളെ വേട്ടയാടിയാല്‍ ഭൂരിപക്ഷ വിഭാഗം ഒപ്പം നില്‍ക്കുമെന്നാണ് അദ്ദേഹം ധരിച്ചത്. എന്നാല്‍ 90 ശതമാനത്തിലേറെ ഹൈന്ദവ മത വിശ്വാസികള്‍ വോട്ടര്‍മാരായുള്ള സംസ്ഥാനങ്ങളിലെ ജനവിധി ആ ധാരണ തിരുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മനസ് മതേതരമാണ്. അതിന് മേല്‍ ഫാസിസം നേടുന്ന വിജയം താല്‍ക്കാലികം മാത്രമായിരിക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മോദിയേക്കാള്‍ കൂടുതല്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തതു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു. യോഗി ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രസംഗിച്ച രാജസ്ഥാനിലാണു ബി.ജെ.പിക്കു കനത്ത തിരിച്ചടിയേറ്റത്. പശുവിന്റെ പേരില്‍ സംഘ്പരിവാറുകാര്‍ ഇന്ത്യയിലാകമാനം നടത്തിയ അഴിഞ്ഞാട്ടത്തില്‍ നാല്‍പതോളം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്.
മുസഫര്‍നഗര്‍ മുതല്‍ ബുലന്ദ്ഷഹര്‍വരെയും രോഹിത് വെമൂല മുതല്‍ ഗൗരിലങ്കേഷ് വരെയും ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ കലാപത്തിനും ജീവഹത്യക്കും ഇരകളായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ പശുമന്ത്രിയായ ഒട്ടാറാം ദേവസി രാജസ്ഥാനില്‍ ദയനീയമായി പരാജയപ്പെട്ടത് ബി.ജെ.പിയുടെ പശു രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയാണെന്നു തങ്ങള്‍ കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."