വിവാദച്ചുഴിയില്‍ യു.പി പൊലിസ്
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുസ്‌ലിംകളോടു പാകിസ്താനില്‍ പോകാനാവശ്യപ്പെട്ടതും പ്രതിഷേധത്തിനിടെ പൊലിസ് അറസ്റ്റ് ചെയ്തവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞതുമടക്കമുള്ള വിഷയങ്ങളില്‍ യു.പി പൊലിസ് വിവാദച്ചുഴിയില്‍. മുസ്‌ലിംകളോടു പാകിസ്താനിലേക്കു പോകാനാവശ്യപ്പെട്ട പൊലിസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രംഗത്തെത്തി. ഇതുസംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ അങ്ങനെ പറഞ്ഞുവെന്നതു സത്യമാണെങ്കില്‍ ഉടന്‍ തന്നെ നടപടി വേണ്ടതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അക്രമം പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായാലും ഒരേപോലെയാണെന്നു പറഞ്ഞ അദ്ദേഹം, ജനാധിപത്യ രാജ്യത്ത് പൊലിസ് സംയമനം പാലിക്കണമെന്നും നിരപരാധികളെ വേട്ടയാടരുതെന്നും ആവശ്യപ്പെട്ടു. മീററ്റിലെ സിറ്റി പൊലിസ് സൂപ്രണ്ടായ അഖിലേഷ് നാരായണ്‍ സിങാണ് മുസ്‌ലിംകളോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതടക്കം ജനങ്ങള്‍ക്കെതിരേ ഇയാള്‍ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷയത്തില്‍ യു.പി സര്‍ക്കാര്‍ പ്രതികരിക്കുകയോ പൊലിസ് ഉദ്യോഗസ്ഥനെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ഇവിടെ ജീവിക്കാന്‍ സൗകര്യമില്ലെങ്കില്‍ നിങ്ങള്‍ പാകിസ്താനില്‍ പോകൂവെന്ന് ആവശ്യപ്പെട്ട അഖിലേഷ് നാരായണ്‍ സിങ്, എല്ലാവരെയും ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഇതിനെതിരേ നടന്നിരുന്നത്. ഇതോടെ പ്രതിരോധത്തിലായ യു.പി പൊലിസ്, സംസ്ഥാനത്തു പൗരത്വ നിയമ ഭേദഗതി യുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ നിരവധി അക്രമങ്ങളുണ്ടായെന്നും പൊലിസിന് വലിയ വെല്ലുവിളിയുണ്ടായിരുന്നെന്നും അടക്കമുള്ള ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."