കേരള ബാങ്ക് ഉദ്ഘാടനം ജനുവരിയില്‍ നടത്താന്‍ ആലോചന
തിരുവനന്തപുരം: കേരള ബാങ്ക് ഉദ്ഘാടനം ജനുവരി അവസാനം നടത്താന്‍ ആലോചന. ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയേക്കും. ഫെബ്രുവരിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചാല്‍ കേരള ബാങ്ക് ഉദ്ഘാടനം നീളും. അതിനാലാണ് ജനുവരിയില്‍തന്നെ ഉദ്ഘാടനം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേരള ബാങ്കിനായി രൂപീകരിച്ച വിവിധ ഉപസമിതികളുടെ പ്രവര്‍ത്തനം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍.ബി.ഐ മുന്നോട്ടുവച്ച 19 നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഇതിനായി രൂപീകിരിച്ച 15 ഉപസമിതികളാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ പുരോഗതി റിസര്‍വ് ബാങ്കിനെ അറിയിച്ചാല്‍ ഉദ്ഘാടനം നടത്തുന്നതിന് മറ്റു തടസങ്ങളുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മാര്‍ച്ച് 31ന് മുന്‍പ് ലയനം പൂര്‍ത്തിയാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ ബാങ്കുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനം അംഗീകരിക്കണമെന്ന നിബന്ധന മാത്രമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി. യു.ഡി.എഫിന് മേല്‍ക്കൈയുള്ള മലപ്പുറം, പത്തനംതിട്ട ജില്ലാ ബാങ്കുകളില്‍ അത് പ്രയാസമാകും. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വരുംദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."