തെരുവു നായ്ക്കളും പന്നികളും വാഹന യാത്രക്കാര്‍ക്കു ഭീഷണി
പാലക്കാട് : പട്ടിക്കര ബൈപാസ് വഴി പോകുന്ന യാത്രക്കാര്‍ക്കു ഭീഷണിയായി റോഡിന്റെ ഇരുവശത്തും പടര്‍ന്നു പന്തലിച്ച കുറ്റിക്കാട്ടില്‍ നിന്നും തെരുവു പന്നികളും നായ്ക്കളും ശരവേഗത്തില്‍ കുതിച്ചെത്തുന്നത് അപകടത്തിലേക്ക് വലിച്ചെറിയുന്നു. കുറ്റിക്കാട്ടില്‍ നിന്ന് എപ്പോഴാണ് പന്നിക്കൂട്ടവും തെരുവുനായ്ക്കളും പുറത്തേക്കു പായുന്നതെന്നു കാണാനാകില്ല.
പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. ഇരുപതോളം വരുന്ന പന്നിക്കൂട്ടത്തിന്റെ ശല്യമാണു രൂക്ഷം. ഇരുവശത്തും കാടുവളര്‍ന്നതു കാരണം മാലിന്യം വലിച്ചെറിയാന്‍ എത്തുന്നവരുടെ ഇഷ്ടതാവളമാണ് പട്ടിക്കര റോഡ്. ഇരുട്ടിന്റെ മറവില്‍ വാഹനങ്ങളിലെത്തി ചാക്കു കണക്കിനു മാംസാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതു പതിവു സംഭവമാണ്. ദുര്‍ഗന്ധം കാരണം പ്രദേശം വഴി സഞ്ചരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്.
ദുര്‍ഗന്ധം സഹിക്കവയ്യാതെ യാത്രക്കാരില്‍ പലരും ഛര്‍ദ്ദിക്കുന്നതും പതിവാണ്. ഇത്തരം മാലിന്യങ്ങളാണ് പന്നികളുടെയും തെരുവുനായ്ക്കളുടെയും ഭക്ഷണം ഭക്ഷ്യസുരക്ഷ ഉറപ്പുള്ളതിനാല്‍ ഇവയുടെ എണ്ണവും പെരുകുന്നു. നാടെങ്ങും ശുചീകരണയജ്ഞം കൊണ്ടാടുമ്പോഴും പട്ടിക്കര ബൈപാസിലെ കാടുവെട്ടാന്‍ നടപടി ഉണ്ടായിട്ടില്ല. റോഡിന് ഇരുവശത്തുമുള്ള കാടുവെട്ടിയാല്‍ തന്നെ മാലിന്യം തള്ളലില്‍ കാര്യമായ കുറവുണ്ടാകുമെന്നു യാത്രക്കാര്‍ പറയുന്നു. ഒപ്പം തെരുവുപന്നികളെയും മറ്റും ദൂരെ നിന്നു കാണുമെന്നതിനാല്‍ അപകടവും കുറയ്ക്കാനാകും.
ഇക്കാര്യത്തില്‍ നഗരസഭയാണു നടപടി സ്വീകരിക്കേണ്ടതെങ്കിലും ഭരണകൂടം കണ്ണടയ്ക്കുകയാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസം തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."