നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരികള്‍ അറസ്റ്റില്‍
ഇരിട്ടി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന മൂന്നുപേരെ ഇരിട്ടി പൊലിസ് അറസ്റ്റുചെയ്തു. ഇരിട്ടി മേലെ സ്റ്റാന്‍ഡില്‍ മാര്‍ക്കറ്റിനു സമീപം പഴക്കട നടത്തുന്ന ടി.കെ മുഹമ്മദലി എന്ന മാലി (47), ബാബൂസ് ഹോട്ടലിന് സമീപം കടനടത്തുന്ന ഇസ്മാഈല്‍ (69), കീഴൂരില്‍ വാഴുന്നവേഴ്‌സ് സ്‌കൂളിന്
സമീപത്തെ കട നടത്തിവരുന്ന കെ.വി മുഹമ്മദലി(50) എന്നിവരാണ് പിടിയിലായത്. ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ഏറെ ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണു ഇവര്‍ പിടിയിലായത്. കുട്ടികളില്‍ നിന്നു ലഭിച്ച രഹസ്യ വിവരങ്ങളും ഇവരെ പിടികൂടുന്നതിന് പൊലിസിനെ സഹായിച്ചു. പഴവര്‍ഗങ്ങള്‍ വില്‍പന നടത്തുന്നതിന്റെ മറവില്‍ ആയിരുന്നു മാലി കുട്ടികള്‍ക്ക് പാന്‍ മസാലകള്‍ നല്‍കിയിരുന്നത്. ഇവിടെനിന്നും 68 പാക്കറ്റ് ലഹരി വസ്തുക്കള്‍ പൊലിസ് പിടികൂടി. മാര്‍ക്കറ്റിലേക്കു പോവുന്ന വഴിയോട് ചേര്‍ന്ന് നടത്തിവന്നിരുന്ന പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്ന വൃത്തിഹീനമായ നിലയിലുള്ള മാലിയുടെ കട പൊലിസും നഗരസഭയും ആരോഗ്യ വകുപ്പ് വിഭാഗവും ചേര്‍ന്ന് പൊളിച്ചു മാറ്റി. മൂന്ന് കടകളില്‍ നിന്നുമായി നൂറിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പരിശോധനയില്‍ അഡീഷനല്‍ എസ്.ഐ സെബാസ്റ്റ്യന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സതീശന്‍, ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."