യാത്രക്കാര്‍ക്ക് ആശ്വാസമായി; മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നാല് ബസുകള്‍ എത്തി
മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് ആശ്വാസമായി നാല് ബസുകള്‍ എത്തി. ബസുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ പ്രതിസന്ധിയിലായ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേയ്ക്ക് നാല് ബസുകള്‍ അനുവദിച്ചത് ആശ്വാസമായി. രണ്ട് ജനറോം ബസുകളും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമാണ് ലഭിച്ചത്. മൂവാറ്റുപുഴ ഡിപ്പോയില്‍ 75 ബസുകളാണ് ഉണ്ടായിരുന്നത്. വിവിധ കട്ടങ്ങളിലായി പത്തോളം ബസുകള്‍ കണ്ടംചെയ്യുന്നതിനായി സര്‍വീസ് നിറുത്തിയിരുന്നു.
65 ബസുകളും 23ജനറോം ബസുകളുമാണ് നിലവില്‍ ഉള്ളത്. അഞ്ച് ബസുകള്‍ മെയിന്റന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി പിടിച്ചിട്ടിരിക്കുകയാണ്. ഓര്‍ഡിനറി ബസുകള്‍ക്ക് പുറമെ ആറ് സൂപ്പര്‍ ഫാസ്റ്റും 17ഫാസ്റ്റ് പാസഞ്ചര്‍ ബസും ഡിപ്പോയ്ക്ക് സ്വന്തമായിട്ടുണ്ട്. പത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ ഡിപ്പോയില്‍ പലസര്‍വീസുകളും അവതാളത്തിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ വകുപ്പ് മന്ത്രിയെയും എം.ഡിയെയും ഡിപ്പോയുടെ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് വിവിധ ഘട്ടങ്ങളിലായി നാല് ബസുകള്‍ ഡിപ്പോയ്ക്ക് അനുവദിച്ചത്.
നാല് ബസുകള്‍ പുതുതായി ഡിപ്പോയിലേയ്ക്ക് എത്തിയെങ്കിലും ഇനിയും ആറ് ബസുകളുടെ കുറവുണ്ട്. മൂവാറ്റുപുഴ കാക്കനാട് റൂട്ടില്‍ വര്‍ഷങ്ങളായി 14ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ സര്‍വ്വീസുകളൊന്നും വെട്ടികുറച്ചിട്ടില്ല. എന്നാല്‍ മൂവാറ്റുപുഴകാക്കനാട് റൂട്ടിലെ യാത്രാക്ലേഷത്തിന് പരിഹാരം കാണുന്നതിനായി ചെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള ഷെഡ്യൂള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് അനുവദിക്കുന്നതോടെ ഈ റൂട്ടില്‍ ഓരോ 15മിനിടും ഇടവിട്ട് ബസ് സര്‍വീസ് ആരംഭിക്കും. ഇതോടെ കാക്കനാട് മൂവാറ്റുപുഴ റൂട്ടിലെ യാത്രാ ക്ലേഷത്തിന് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."