പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നേര്യമംഗലം ചെങ്ങറയില്‍ രാധാകൃഷ്ണന്റെ (പെരുമ്പാവൂര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍) മകന്‍ അനന്ദകൃഷ്ണനെ (22) ആണ് കാണാതായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
കൂട്ടുകാരായ ആകാശ്, വിഷ്ണു എന്നിവരോടൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ അനന്ദകൃഷ്ണന്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരിന്നു. ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട് ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിരുന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ടെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പുഴയിലിറങ്ങിയിരുന്നില്ല.
അനന്ദു ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും പൊലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും, പൊലിസും നാട്ടുകാരും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെങ്കിലും ശക്തമായ ഒഴുക്ക്, കലങ്ങിയ വെള്ളം, ഇരുട്ട് എന്നിവ മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.
രാത്രി ഏഴരയോടെ തെരച്ചില്‍ നിര്‍ത്തിവച്ചു. നെല്ലിമറ്റം എം ബിറ്റ്‌സ് എന്‍ജിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയാണ് അനന്ദു. തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."