ആറു മാസത്തിനിടെയുള്ള അപകടങ്ങളില്‍ 21 മരണം
കയ്പമംഗലം : ദേശീയ പാത പതിനേഴ് പെരിഞ്ഞനം, വഴിയമ്പലം, കയ്പമംഗലം പന്ത്രണ്ട് തുടങ്ങിയ ഭാഗങ്ങള്‍ സ്ഥിരം അപകട മേഖലയാവുന്നു. മതിലകം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ഞനം പഞ്ചായത്ത് വളവും ഈയിടെയായി സ്ഥിരം അപകട മേഖലയായി കഴിഞ്ഞിരിക്കുകയാണ്.
മഴയെ തുടര്‍ന്ന് റോഡില്‍ ഉണ്ടായ കുഴികളും അശാസ്ത്രീയമായ നിര്‍മാണവും അപകടം ഏറെ വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതൊന്നും കൂടാതെ ഡ്രൈവിങ്ങിലെ അശ്രദ്ധയും ഡ്രൈവര്‍മാരുടെ ഉറക്കവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പകല്‍ മുഴുവനും ഡ്രൈവ് ചെയ്തു രാത്രിയിലും വാഹനം ഓടിക്കുമ്പോള്‍ സ്വാഭാവികമായും ഉറക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പക്ഷെ ആവശ്യത്തിന് വിശ്രമം എടുക്കാനോ മറ്റോ ഡ്രൈവര്‍മാര്‍ തുനിയാതെ എത്രയും വേഗം ലക്ഷ്യ സ്ഥാനങ്ങളില്‍ എത്താന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നത്. ഉറക്കം തോന്നിയാല്‍ അഞ്ചു മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കാന്‍ പോലും പല ഡ്രൈവര്‍മാരും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ലോഡ് കയറ്റി കൊണ്ട് പോകുന്ന ലോറി ഡ്രൈവര്‍മാര്‍. കഴിഞ്ഞ ദിവസം പെരിഞ്ഞനത്തുണ്ടായ വാഹനാപകടനം തന്നെ ഇതിനുദാഹരണമാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഈ അപകടത്തിന് പ്രധാന കാരണമായി പൊലിസ് പറയുന്നത് ഡ്രൈവര്‍ ഉറങ്ങിയെന്നതാണ്. ഡ്രൈവര്‍മാരുടെ ഇത്തരത്തിലുള്ള അശ്രദ്ധ മൂലം ബലിയാടുകളാവുന്നതു സാധാരണക്കാരായ ഇരുചക്ര വാഹന യാത്രക്കാരാണ്.
കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ ചെറിയ പരുക്ക് പോലും ലോറി ഡ്രൈവര്‍ക്ക് സംഭവിച്ചിരുന്നില്ല. പക്ഷേ ഈ അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പെരിഞ്ഞനത്ത് തന്നെയുണ്ടായ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിക്കാനിടയായതും ഡ്രൈവറുടെ ശ്രദ്ധക്കുറവ് കാരണമാണ്. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് ചോറൂണിന് വന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കുമാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്നിരുന്ന പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ദിശതെറ്റി വരുന്ന കാര്‍ കണ്ട് പിക്കപ്പ് വാനിലെ ഡ്രൈവര്‍ തന്റെ വാഹനം ഒതുക്കിയിട്ടെങ്കിലും കാര്‍ വന്നിടിക്കുകയായിരുന്നു. ആറുമാസത്തിനിടെ ദേശീയപാത പതിനേഴില്‍ മതിലകം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സംഭവിച്ച അപകടങ്ങളില്‍ പതിനെട്ടിലേറെ പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.
വാഹനാപകടങ്ങളില്‍ കൂടുതലും മരണങ്ങള്‍ നടന്നത് രാത്രി ഡ്രൈവിങ്ങിലാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. രാത്രികാല വാഹന പരിശോധനയോ സ്പീഡ് നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ഒരുപരിധിവരെയെങ്കിലും അപകടങ്ങള്‍ കുറയ്ക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."