കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് 19നു തുറക്കും
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കു ഓണസമ്മാനമായി ലിഫ്റ്റ് തുറക്കുന്നു. റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തില്‍ നിന്നു മൂന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലേക്കു ചവിട്ടുപടി ഉപയോഗിക്കാതെ എത്താനാണു ലിഫ്റ്റ്. ഇതു രോഗികളും പ്രായമായവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ആശ്വാസകരമാകും. ലിഫ്റ്റിന്റെ ഉദ്ഘാടനം 19നു രാവിലെ 11.30ന് വീഡിയോ കോണ്‍റഫറന്‍സ് വഴി കേന്ദ്ര റെയില്‍വേ മന്ത്രി നിര്‍വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ ശ്രീമതി എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
76 ലക്ഷം രൂപാ ചെലവിലാണു റെയില്‍വേ സ്റ്റേഷനിലെ കിഴക്കേ കവാടത്തില്‍ റിസര്‍വേഷന്‍ ഓഫിസ് കെട്ടിടത്തിനു സമീപവും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് തയാറാകുന്നത്. എട്ടുമാസം മുന്‍പാണു പ്രവൃത്തി തുടങ്ങിയത്. നിലവില്‍ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ യന്ത്രപ്പടി (എസ്കലേറ്റര്‍) പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷന്റെ തെക്ക് ഭാഗത്താണു നിലവില്‍ യന്ത്രപ്പടിയുള്ളത്. എന്നാല്‍ വടക്കുഭാഗത്താണു ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. നിര്‍മാണത്തിലിരിക്കുന്ന അടിപ്പാതയും കൂടി പൂര്‍ത്തിയായാല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കു മികച്ച സൗകര്യമാണ് ഒരുങ്ങുക. യാത്രക്കാരുടെ എണ്ണത്താല്‍ വീര്‍പ്പുമുട്ടുന്ന റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ്ഫോമിന് അനുമതി നല്കി അടുത്തിടെയാണു റെയില്‍വേ മന്ത്രാലയം ഫണ്ട് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തിയും വൈകാതെ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."