ഗുര്‍മിതിനെതിരായ കോടതി വിധി; ഉത്തരേന്ത്യ കത്തുന്നു
ചണ്ഡീഗഡ്: ദേര സച്ച സൗദ തലവനും ആള്‍ദൈവവുമായി അറിയപ്പെടുന്ന ഗുര്‍മിത് റാം റഹീമിനെതിരായ ബലാത്സംഗ കേസിലെ വിധി വന്നതോടെ ഉത്തരേന്ത്യയിലുണ്ടായത് അടുത്ത കാലത്തായി ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപം.
വിധി പ്രസ്താവം ഗുര്‍മീതിനെതിരായാല്‍ അനുയായികള്‍ കലാപമുണ്ടാക്കുമെന്ന ഭീതിയില്‍ പൊലിസും ബി.എസ്.എഫും കനത്ത സുരക്ഷയാണ് പഞ്ചാബിലും ഹരിയാനയിലും ഒരുക്കിയിരുന്നതെങ്കിലും വിധിക്കുശേഷം അക്രമം കൈവിട്ട നിലയിലേക്കാണ് നീങ്ങിയത്.
പഞ്ചാബില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാനത്ത് 29 ട്രെയിനുകളും റദ്ദാക്കി. ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളിലും നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് ഗുര്‍മീത് റാം റഹിം. ഫേസ്ബുക്ക് ട്വിറ്റര്‍ പ്രൊഫയിലുകളില്‍ ആത്മീയ നേതാവ്, ഗായകന്‍, സിനിമാ സംവിധായകന്‍, കലാസംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍ തുടങ്ങി നിരവധി വിശേഷങ്ങളാണ് റാം റഹിം അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.
1999ല്‍ ആശ്രമത്തില്‍ വച്ച് രണ്ട് അന്തേവാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2002ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. ബലാത്സംഗ കേസിനു പുറമേ കൊലപാതകം, വൃഷ്ണച്ഛേദം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കേസുകളില്‍ പ്രതിയും കുറ്റാരോപിതനുമാണ് ഗുര്‍മീത് റാം റഹീം.
2002ല്‍ മാധ്യമ പ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തി എന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ് ഗൂര്‍മീത്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹിമിനെതിരായ റിപ്പോര്‍ട്ട് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി മാസങ്ങള്‍ക്കുള്ളിലാണ് രാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടത്. പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഈ കൊലപാത കേസില്‍ ഗുര്‍മീത് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്. 2002 ഒക്ടോബര്‍ 24നാണ് രാം ചന്ദര്‍ കൊല്ലപ്പെടുന്നത്. കേസില്‍ അദ്ദേഹത്തിന്റെ മകന്‍ അന്‍ഷുല്‍ ഇപ്പോഴും നിയമയുദ്ധത്തിലാണ്. 2002ല്‍ തന്നെ ദേര ആശ്രമത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് എത്തിച്ച ആശ്രമവാസി രഞ്ജിത്ത് സിങ്ങിന്റെ മരണത്തിലും കുറ്റാരോപിതനാണ് ഗുര്‍മീത്.
2014ല്‍ 400 ഓളം വരുന്ന അനുയായികളെ നിര്‍ബന്ധിത വൃഷ്ണഛേദത്തിന് വിധേയമാക്കിയെന്ന കേസ് ഇയാള്‍ക്കെതിരേയുണ്ട്. വിശ്വാസികളില്‍ ഒരാള്‍ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിത വൃഷ്ണച്ഛേദത്തിന് റാം റഹിം വിധേയനാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആയുധകടത്തുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരേ ആരോപണമുണ്ട്.
2007ല്‍ സിക്ക് സംഘടനകള്‍ ഗുര്‍മീതിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡില്‍ സിഖ് വംശജരെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു അരോപണം. ഗുര്‍മീത് റാം ദൈവമായി അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്ന ലീലാ സാംസണ്‍ രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."