രോഗിയായ ഗൃഹനാഥനെ പൊലിസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നതായി പരാതി
എരുമപ്പെട്ടി:സി.പി.എം നേതാവിനെതിരെ പരാതി നല്‍കിയ ഗൃഹനാഥനെ ഭരണ സ്വാധീനം മൂലം പൊലിസ് റൗഡി പട്ടികയില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നതായി പരാതി.
എരുമപ്പെട്ടി മുരിങ്ങത്തേരി ആശാരി വീട്ടില്‍ ബാലനെയാണ് പൊലിസ് സാമൂഹിക വിരുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പരേഡില്‍ പങ്കെടുപ്പിച്ചത്. ഇതിനെതിരേ ബാലന്‍ തൃശൂര്‍ റൂറല്‍ എസ്.പി.യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എരുമപ്പെട്ടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍, വരവൂര്‍ എന്നീ പഞ്ചായത്തുകളിലായി നൂറിലധികം പേര്‍ ഗുണ്ടാ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നും നിരവധി കേസുകളിലെ പ്രതികളായ അഞ്ച് പേരെ മാത്രമാണ് എരുമപ്പെട്ടി പൊലിസ് സ്റ്റേഷന്‍ റൗഡികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരോടൊപ്പം ചേര്‍ത്താണ് രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന അറുപത്കാരനായ ബാലനെ പൊലിസ് പീഡിപ്പിക്കുന്നത്. പൊതുവഴി കയ്യേറി മതില്‍ നിര്‍മ്മിച്ച സി.പി.എം പ്രാദേശിക നേതാവായ കുറ്റിമൂച്ചിക്കല്‍ സെയ്ദ് മുഹമ്മദിനെതിരേ ബാലന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി സെയ്ദ് മുഹമ്മദ് ബാലനെ ക്രൂരമായി മര്‍ദിച്ചു. തലയ്ക്ക് പരുക്കേറ്റ ബാലന്റെ പരാതി പ്രകാരം പൊലിസ് സെയ്ദു മുഹമ്മദിനെതിരേ കേസെടുത്തിരുന്നു. ഇതിനെതിരായി സെയ്ത് മുഹമ്മദ് നല്‍കിയ കൗണ്ടര്‍ പരാതിയില്‍ കൈകൊണ്ട് മര്‍ദിച്ചുവെന്ന് കാണിച്ച് സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പ് ചേര്‍ത്ത് ബാലനെതിരേയും പൊലിസ് കേസെടുത്തിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് മറ്റൊരു കേസിലും പ്രതിയാകാത്ത ബാലനെ പൊലിസ് റൗഡി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയ ബാലനെ റൗഡി പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയിക്കുകയും ഇതിന് പുറമെ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കാനാണെന്നും പറഞ്ഞ് എസ്.ഐ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ മറ്റു ആളുകളുടെ മുന്നില്‍ വെച്ച് ഫോട്ടോ എടുത്ത് അപമാനിക്കുകയും ചെയ്തുവെന്ന് ബാലന്‍ പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകണം അല്ലെങ്കില്‍ ഇതിനപ്പുറവും സംഭവിക്കുമെന്ന് അഡീഷ്ണല്‍ എസ്.ഐ. പറഞ്ഞതായി ബാലന്‍ ആരോപിക്കുന്നു. ഒന്നിലധികം ക്രിമിനല്‍ കേസുള്ളവരെ മാത്രമാണ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളു. അത്തരത്തില്‍ സ്റ്റേഷന്‍പരിധിയില്‍ നൂറുകണക്കിന് പേരുള്ളപ്പോള്‍ ആറുപേരുടെ പട്ടികയില്‍ ബാലനെ ഉള്‍പ്പെടുത്തിയതില്‍ ദുരൂഹതയുണ്ട്. ബാലന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കുന്നംകുളം ഡി.വൈ.എസ്.പിയ്ക്ക് റൂറല്‍ എസ്.പി.നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത തന്നെ റൗഡി പട്ടികയില്‍ ഉള്‍പ്പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പൊലിസ് കംപ്ലയ്ന്റ് അതോററ്റിയെ സമീപിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബാലനും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."