പറമ്പിക്കുളം-ആളിയാര്‍ ജലപ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിതല ചര്‍ച്ച വേണം: രമേശ് ചെന്നിത്തല
പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ ജലപ്രശ്‌നം പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലേയും ജലസേചന മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തെഴുതിയതുകൊണ്ട് മാത്രം പറമ്പിക്കുളം-ആളിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. തമിഴ്‌നാടുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ പ്രശ്‌നം പരിഹരിക്കണം.
1958ലെ കരാര്‍ കാലോചിതമായി പരിഷ്‌ക്കരിക്കുകയാണ് വേണ്ടത്. ഭവാനിപ്പുഴ പദ്ധതി നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള വില ലഭിക്കാത്തതാണ്. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം ലഭ്യമാക്കാന്‍ തമിഴ്‌നാട് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍, കരാര്‍ പുതുക്കുന്നതിന് തമിഴ്‌നാട് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടതായുണ്ട്. ഇതിനു പുറമെ നിയമനടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന രമേശ് ചെന്നിത്തല പറഞ്ഞു.
നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 80 പൈസ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പൈസ പോലും വര്‍ധിപ്പിച്ചില്ല. ഇത് കര്‍ഷകരോട് ചെയ്യുന്ന വഞ്ചനയാണ്. സംസ്ഥാനത്ത് കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം ലഭ്യമാക്കുന്നതിനായി കര്‍ഷകര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ മുന്‍നിരയിലുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, പെന്‍ഷന്‍ വിതരണം ചെയ്യുക, കാരപ്പാറ-കുരിയാര്‍കുറ്റി പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
സമിതി ചെയര്‍മാന്‍ കെ എ പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, എം ടി ജോസഫ്, അഡ്വ. ജോസഫ്, സി കൃഷ്ണകുമാര്‍, എം എം ഹമീദ്, കെ എം കരുണന്‍, അഡ്വ. പി സി ശിവശങ്കരന്‍, എ കെ ഓമനക്കുട്ടന്‍, കെ കെ സുരേന്ദ്രന്‍, എസ് അതിരഥന്‍, മുതലാതോട് മണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."